ssk

കണ്ണൂർ: സമഗ്ര ശിക്ഷാ കേരളയിൽ (എസ്.എസ്.കെ)ജോലി ചെയ്തുവരുന്ന കരാർ ജീവനക്കാർക്ക് ശൂന്യവേതനാവധി ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ ഉത്തരവ് പ്രതിസന്ധിയാകുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഈ ഉത്തരവിറങ്ങിയത്. ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധവും ഉയർന്നിരുന്നെങ്കിലും ഈ വർഷവും നിലവിലെ ഉത്തരവ് തുടരുകയാണ്.
ഉത്തരവ് ലംഘിച്ച് അവധിയെടുക്കുന്ന ജീവനക്കാരന്റെ കരാർ റദ്ദായി കണക്കാക്കുമെന്നാണ് ഉത്തരവിലുള്ളത്. നിലവിൽ ഒരുവർഷം ഇരുപത് ലീവാണ് എസ്.എസ്.കെയിൽ കരാർ ജീവനക്കാർക്കുള്ളത്. ലീവുകൾ ഒരുമിച്ച് എടുക്കാൻ പാടില്ല. ഒരു മാസം രണ്ട് വരെ എന്ന നിലയിലാണ് ലീവ് അനുവദിക്കുന്നത്.

ശൂന്യവേതനാവധി അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഗുരുതരമായ അപാകതകൾ വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനാൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ എല്ലാ ശൂന്യവേതനാവധി ദിവസങ്ങളിലും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറയുന്നതാണ് വലിയ അപാകത എന്നാണ് ജീവനക്കാരുടെ വാദം.

വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റിന് പ്രോത്സാഹനം

കരാർ ജീവനക്കാരിൽ പലരും സ്ഥിരം ജോലിക്കായി മറ്റ് പല പരീക്ഷകൾക്ക് തയാറെടുക്കുന്നവരാണ്. പരീക്ഷയെഴുതുന്നതിന് വേണ്ടി പോലും ജോലിക്കാവശ്യമായ പരീക്ഷകൾ എഴുതാൻ അവധിയെടുക്കേണ്ടി വരും. ഇതിനെല്ലാം ഡോക്ടറെ കണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കേണ്ട സ്ഥിതിയാണ് നിലവിൽ. വിവാഹം, മൂന്ന് നാല് ദിവസത്തെ യാത്ര എന്നിവയ്ക്കെല്ലാം കരാർ ബ്രേക്ക് ആകുമെന്ന പേടിയിൽ വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് നിലവിൽ പിന്തുടരുന്നത്. അസുഖബാധിതനായി അവധിയെടുക്കുമ്പോൾ സ്വഭാവികമായും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നിരിക്കെ മറ്റുള്ള അവധിക്കെല്ലാം സമാനരീതി അവലംബിക്കണമെന്ന പറഞ്ഞ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ ഉത്തരവ് തീർത്തും അന്യായമാണെന്നാണ് ജീവനക്കാർ പറയുന്നത്.

കരാർ ജീവനക്കാർക്ക് അവധി 20

പ്രതിമാസം കൂടിയ അവധി 2