ചെറുപുഴ: മാതമംഗലം പാണപ്പുഴ റോഡിലെ മാത്ത് വയലിൽ ഒരു മാസം മുൻപ് നടന്ന കവർച്ചാ കേസിലെ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. മാത്ത് വയലിലെ ജയപ്രസാദിന്റെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് 23 പവനും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും കവർച്ച ചെയ്‌ത സംഭവത്തിലെ പ്രതിയാണ് പെരിങ്ങോം പൊലീസിന്റെ കസ്റ്റഡിയിലായത്. മോഷണസമയത്തെ കൂട്ടാളിയായ പാലക്കാട് നെന്മാറ സ്വദേശിയും നിരവധി കേസുകളിൽ പ്രതിയായ ജലീൽ (36) എന്ന ഷട്ടർ ജലീലാണ് ഇപ്പോൾ കസ്റ്റഡിയിലായത്.
നെന്മാറ സ്വദേശിയും കാസർകോട് താമസക്കാരനുമായ കുപ്രസിദ്ധ മോഷ്ടാവ് കാജാ ഹുസൈൻ മക്രാജെ തൊണ്ടിമുതൽ വിൽക്കാൻ സഹായിച്ച അബ്ദുൾ ഖാദർ ആലമ്പാടി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് നേരത്തെ പിടികൂടിയിരുന്നു.
ജലീലിനൊപ്പം നിരവധി മോഷണ കേസിൽ പ്രതിയായ പാലക്കാട് സ്വദേശി വിശ്വനാഥനും കൂടി പൊലീസ് കസ്റ്റഡിയിലായി. കഴിഞ്ഞ ജൂൺ 19 ന് പുലർച്ചെ മൂന്നോടെയാണ് വീട് കുത്തി തുറന്ന് കവർച്ച നടത്തിയത്.
ഒന്നര മാസത്തോളം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് അന്വേഷക സംഘം കവർച്ചക്കാരിലേക്കെത്തിയത്. പ്രതികൾ മഹാരാഷ്ട്രയിൽ ജയിലിൽ കഴിഞ്ഞ സമയത്ത് പരിജയപ്പെട്ടവരുമായി ചേർന്ന് നടത്തിയ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കാൻ ഇവരുടെ അറസ്റ്റ് സഹായിക്കുമെന്നറിയുന്നു.