mannidichil

ഇരിട്ടി: ചെറിയ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ കനത്ത മഴ.ശക്തമായചുഴലിക്കാറ്റിന് പിന്നാലെ ഇന്നലെ രാവിലെ മുതലാണ് മഴ കനത്തത്. തലശ്ശേരി -മൈസൂർ റോഡിൽ വളവുപാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. വള്ളിത്തോടനും കൂട്ടുപുഴക്കും ഇടയിലുള്ള യാത്ര അപകട ഭീഷണിയിൽ ആയതോടെ ഇതുവഴിയുള്ള ഗതാഗതം ആനപ്പന്തി കവല,ചരൽ,കച്ചേരിക്കടവ് പാലം വഴി വഴിതിരിച്ചുവിട്ടു. പാലത്തുംകടവിൽ റീ ബിൽഡ് കേരള റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് റോഡും വീടും അപകടത്തിലായി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ വളവുപാറയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിൽ നിന്നും 15 മീറ്ററോളം ഉയരത്തിലുള്ള കുന്നിന്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞ് നീങ്ങുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ആദ്യം ഇത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഹൈവേ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഹനം നിർത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിശമനസേന മണ്ണ് ഇടിഞ്ഞുവീണ റോഡിന്റെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശക്തമായ മഴയിൽ വീണ്ടും മണ്ണിടിഞ്ഞതോടെ സ്ഥലത്തെത്തിയ ഇരിട്ടി തഹസിൽദാർ എം.ലക്ഷ്മണൻ ജില്ലാ കളക്ടർക്കും പൊതുമരാമത്ത് വകുപ്പിനും വിവരം കൈമാറി. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇതുവഴി ഗതാഗതം പൂർണമായും നിരോധിക്കുകയായിരുന്നു. ഇരിട്ടി ഭാഗത്തുനിന്നും മാക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളിത്തോട് ആനപ്പന്തികവലയിൽ നിന്നും മലയോര ഹൈവേയിൽ പ്രവേശിച്ച് ചരൽ വഴി കച്ചേരി കടവ് പാലം കടന്ന് കൂട്ടുപുഴയിലേക്കും കൂട്ടുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇതേ വഴിയിലൂടെ തന്നെ ഇരിട്ടിയിലേക്ക് തിരിച്ചുവിടാനാണ് ഉത്തരവ്.

രണ്ടാംതവണയും പാലപ്പുഴപ്പാലം കവിഞ്ഞൊഴുകി

രണ്ടാംതവണയും പാലപ്പുഴ പാലം നിറഞ്ഞ് കവിഞ്ഞ്. ഇതോടെ പാലപ്പുഴയിൽ നിന്നും ആറളം ഫാം വഴി കീഴ്പ്പള്ളിയിലേക്കുള്ള ഗതാഗതവും സ്തംഭിച്ചു. നിർമ്മാണത്തിൽ ഇരിക്കുന്ന പാലപ്പുഴ ചെന്തോട് പാലത്തിന്റെ സമാന്തര റോഡ് വെള്ളത്തിൽ മുങ്ങി മണത്തണ മലയോര ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. ബാവലി, ബാരാ പോൾ പുഴകൾ നിറഞ്ഞ് ഒഴുകുകയാണ്. പാലത്തിൻകടവ് പള്ളിക്ക് സമീപത്തുള്ള റീ ബിൽഡ് കേരള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ചെന്നപ്പള്ളി തങ്കച്ചന്റെ വീട് അപകടാവസ്ഥയിലാണ്. വീടിനോട് ചേർന്ന് മൂന്നു മീറ്റർ വ്യത്യാസത്തിൽ മുറ്റം പൂർണമായും ഇടിഞ്ഞു താണു. വള്ളിത്തോട് പെട്രോൾ പമ്പിന് പുറകുവശത്തെ കുന്ന് ഇടിഞ്ഞതിനെ തുടർന്ന് പെട്രോൾ പമ്പിന്റെ പ്രവർത്തനം നിർത്തിവച്ചു. പെട്രോൾ പമ്പിന്റെ പുറകുവശത്ത് 10 മീറ്ററോളം ഭാഗം മണ്ണ് ഇടിഞ്ഞുനിൽക്കുകയാണ്.

തലശ്ശേരി.മൈസൂർ റോഡ് വളവുപാറയിൽ മണ്ണിടിഞ്ഞ് ഗതാഗതതടസം

ആനപ്പന്തി കവല,ചരൽ,കച്ചേരിക്കടവ് പാലം വഴി വാഹനങ്ങളെ തിരിച്ചുവിട്ടു

പാലത്തുംകടവിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് വീട് ഭീഷണിയിൽ

ബാവലി, ബാരാ പോൾ പുഴകൾ കവിഞ്ഞൊഴുകുന്നു