aana-mathil

കേളകം: മലയോരത്ത് ഇന്നലെ പകൽ 11 മണിക്ക് ശേഷം തുടർച്ചയായി പെയ്ത കനത്ത മഴയിൽ അടക്കാത്തോട് ശാന്തിഗിരി ഉൾവനത്തിൽ ഉരുൾപൊട്ടി.മണ്ണും ചെളിയും കല്ലും നിറഞ്ഞ മലവെള്ളം ഒഴുകിയെത്തി അടക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന ചാപ്പത്തോടും കരിയംകാപ്പിലെ വാളത്തോടും ഉൾപ്പെടെ നിറഞ്ഞുകവിഞ്ഞു.അടക്കാത്തോട്, ശാന്തിഗിരി തുടങ്ങിയ പ്രദേശത്തെ പല റോഡുകളിലും വെള്ളം കയറി.വാളമുക്ക് ഭാഗത്ത് ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്നുള്ള ആനമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു.

ശക്തമായ മഴയും മലവെള്ളപാച്ചിലും ഉണ്ടായതോടെ നേരത്തെ ഭൂമി വിണ്ടുകീറൽ ഭീഷണിയുള്ള കൈലാസംപടിയിലേയും ഉരുൾപൊട്ടലിൽ പറമ്പുകളിൽ വെള്ളം ഒഴുകിയെത്തിയ സ്ഥലത്തേയും അഞ്ച് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ചാക്കോ മംഗലത്തിൽ, ഏലിക്കുട്ടി മണവാളത്ത്, അമ്മിണി പാപ്പനാൽ , പൊന്നമ്മ തടത്തേൽ, ഷാജി മരോട്ടിത്തടത്തേൽ എന്നിവരെയാണ് മാറ്റി താമസിപ്പിച്ചത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വരുമോയെന്നും ആശങ്ക ഉയരുന്നുണ്ട്.

സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഇവരെ മാറ്റിയതെന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സിടി. അനീഷ് പറഞ്ഞു.
കനത്ത മഴയെത്തുടർന്ന് അടക്കാത്തോട് കരിയംകാപ്പിൽ പൊനോൻ ബാലന്റെ വീടിനോട് ചേർന്ന് വൻ ഗർത്തം രൂപപ്പെട്ടു.
ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂളിൽ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ഉരുൾപൊട്ടലിനെ തുടർന്ന് ചാപ്പത്തോടും വാളത്തോടും കവിഞ്ഞു

ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്നുള്ള ആനമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു.

കൈലാസംപടിയിൽ അഞ്ചു കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.

അടക്കാത്തോട് വീടിനോട് ചേർന്ന് വൻഗർത്തം

ഉരുൾപൊട്ടലിനെത്തുടർന്ന് വാളുമുക്ക് കോളനിക്ക് സമീപം ആനമതിൽ തകർന്നപ്പോൾ