പയ്യന്നൂർ: മരങ്ങൾ പൊട്ടിയും കടപുഴകി വീണും മിക്ക സ്ഥലത്തും നാശനഷ്ടം. പയ്യന്നൂർ തായിനേരിയിലെ കിഴക്കേ വീട്ടിൽ രാധാകൃഷ്ണന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണു. തായിനേരിയിലെ ഉത്തമന്റെ വീട്ടിൽ വെള്ളം കയറി. കൊക്കാനിശ്ശേരിയിലെ പി.ഗംഗാധരൻ അടിയോടിയുടെ വീടിന് മുൻഭാഗത്തേക്ക് തെങ്ങ് പൊട്ടി വീണു. മണിയറയിലെ കുഞ്ഞിക്കണ്ണന്റെ വീടിന് മുകളിൽ പ്ലാവ് കടപുഴകി വീണു. മണിയറയിലെ തെക്കിനിയിൽ ബാലകൃഷ്ണന്റെ ആല തേക്ക് മരം കടപുഴകി വീണ് തകർന്നു. മണിയറയിലെ കുണ്ടുവളപ്പിൽ നാരായണന്റെ അടുക്കള ഭാഗത്ത് പ്ലാവും, തേക്കു മരവും പൊട്ടിവീണു.
കാനായി അണക്കെട്ടിന് സമീപത്തെ പാഞ്ചാലി കോരന്റെ വീടിന് മുകളിൽ പ്ലാവ് പൊട്ടി വീണു. വീട് ഭാഗികമായി തകർന്നു. തോട്ടംകടവ് അശോകന്റെയും മണിയറയിലെ പാറോട്ടകത്ത് കുഞ്ഞാമിനയുടെയും വീടിന് മുകളിൽ മരം വീണു. കവ്വായിലെ കാവൂട്ടൻ രാധ, കോറോത്ത് കൊച്ച രാഘവൻ, കോറോത്തെ സോന എന്നിവരുടെ വീടുകൾ തകർന്നു. കോറോം പരവന്തട്ട ഉദയപുരം ക്ഷേത്രത്തിന് സമീപം അള്ളക്കോട്ട് വീട്ടിൽ ലക്ഷ്മിയുടെ 19 കോൽ താഴ്ചയുള്ള കിണർ താഴ്ന്നു. വീടിന് സുരക്ഷ ഭീക്ഷിണിയുള്ളതിനാൽ വീട്ടുകാരോട് മാറി താമസിക്കാൻ നിർദ്ദേശിച്ചു. തിരുമേനി വില്ലേജിൽ പ്രാപ്പോയിലിലെ തായലെ വളപ്പിൽ സരോജിനിയുടെ വീട് തകർന്നു. കാനായിയിലെ പലേരി വീട്ടിലെ നാരായണന്റെ റബ്ബർ, കവുങ്ങ് തുടങ്ങിയ കൃഷി നശിച്ചു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പറവൂരിൽ എം.ഭാസ്‌കരന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. കടന്നപ്പള്ളി പുത്തൂർ കുന്നിൽ കെ.ലക്ഷ്മണന്റെ തൊഴുത്തിനു മുകളിൽ മരം കടപുഴകി വീണു. പുത്തൂർകുന്ന് വെള്ളാലത്തമ്പലം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം നീക്കി. പയ്യന്നൂരിൽ അപകടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വിശ്വനാഥൻ, വി.ബാലൻ, കൗൺസിലർമാരായ ശോഭ രവീന്ദ്രൻ, പി.ഭാസകരൻ, ഭവാനി, നസീമ കവ്വായി തുടങ്ങിയവർ സന്ദർശിച്ചു. ഏതെങ്കിലും പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യം വരികയാണെങ്കിൽ നഗരസഭയിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.