കണ്ണൂർ: ജില്ലയിൽ ശക്തമായ മഴയിലും ഉരുൾപ്പൊട്ടലിലും വ്യാപക നാശനഷ്ടം. കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ വാർഡിലുൾപ്പെട്ട കൊളപ്പ, തെറ്റുമ്മൽ, ചെമ്പുക്കാവ്, പാലയത്തുവയൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തുടർച്ചയായ മഴ, ഉരുൾ പൊട്ടൽ കാരണം കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. പ്രദേശത്തെ പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. ഇവിടങ്ങളിൽ ആളപായമോ വീടുകൾക്ക് നാശനഷ്ടമോ സംഭവച്ചിട്ടില്ല. ദുരിത ബാധിതരെ മാറ്റിപ്പാർപ്പിച്ചു.
രാത്രി 11 ഓടെ ശക്തമായ മഴ ആരംഭിച്ചു. തുടർന്ന് പെരുവ ചെന്നപ്പൊഴിൽ ഭാഗത്തു ഉരുൾ പൊട്ടി. ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ പ്രധാന പുഴകളെല്ലാം കരകവിഞ്ഞു ഒഴുകി. ചുണ്ടയിൽ പുഴയിൽ നിന്ന് ശക്തമായ വെള്ളം ബാവലി -തലശ്ശേരി മെയിൻ റോഡിലേക്ക് കയറി സമീപതുള്ള എട്ടി അഷ്‌റഫ്, വി.വി.ഇബ്രാഹിം, ബാലൻ, സലാം, രാധ, ഷാഹിദ, ബഷീർ എന്നിവരുടെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകളുടെ ചുറ്റുമതിലും വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളും തകർന്നു. ഇബ്രാഹിമിന്റെ വീട്ടിന്റെ ഒന്നാംനില പൂർണമായും വെളളത്തിൽ മുങ്ങി. ആലോറ മടപ്പുര റോഡിലേക്ക് വെള്ളം കയറി. ചിമണിയാറ്റ പുഴയിൽ നിന്ന് വെള്ളം അതി ശക്തമായി കരകവിഞ്ഞു ഒഴുകി സമീപത്തെ എം.പി.മജീദിന്റെ വീട് വെള്ളത്തിലായി.
നൂറു വർഷം പഴക്കമുള്ള കണ്ണവം പഴയ പാലം ഭിത്തികൾ മഴവെള്ള പാച്ചിലിൽ ഒലിച്ചു. സമീപത്തെ നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. മൊടോളി കൈച്ചരിയെ ബന്ധിപ്പിക്കുന്ന കൈച്ചേരി പാലം കോൺക്രീറ്റ് പാലം ഒലിച്ചു പോയി. ചക്കരക്കൽ റോഡ് അരികിലെ വലിയ ആൽമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ച 2.30 ഓടുകൂടിയാണ് നാലാം പിടികയിൽ കനത്ത കാറ്റിലും മഴയിലും മരം റോഡിൽ വീണത്.