urul

കണ്ണൂർ: തിങ്കളാഴ്ച മുതൽ തുടരുന്ന മഴയിൽ വിറങ്ങലിഞ്ഞ് കണ്ണൂരും കാസർകോടും. കണ്ണവം പെരുവയിലെ കുന്നുവളപ്പ്,​തനിയാട്ട് മല ,​ചിറ്റാരപറമ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ഉരുൾപൊട്ടലുണ്ടായി. രാത്രി 11മണിയോടെയുണ്ടായ അതിശക്തമായ മഴയിലും കാറ്റിലും വൻനാശമാണ് ഇരുജില്ലയിലുമുണ്ടായത്.എല്ലാ പുഴകളും അപകടനിലയ്ക്ക് മുകളിലാണ്. ദേശീയപാതയിൽ കാസർകോട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ഗതാഗതം നിരോധിച്ചു.

ദുരിതഭൂമിയായി പെരുവ

രാത്രി 12 മണിയോടെയാണ് പെരുവ കുന്നു വളപ്പ് തനിയാട്ട് മലയിൽ ഉരുൾപൊട്ടിയത്. കുത്തിയൊലിച്ച് പാഞ്ഞ മലവെള്ളത്തിൽ കടപുഴകിയ വൻമരങ്ങളും വലിയ കല്ലുകളും ഒലിച്ചിറങ്ങി.പെരുവ പോസ്റ്റാഫീസിന് സമീപം പോത്തുണ്ടി പാലം ഒഴുകി പോയി. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. കണ്ണവം പുഴയിൽ വെള്ളം കയറി കണ്ണവം , ചുണ്ടയിൽ , കൈച്ചേരി നിവാസികൾ ദുരിതത്തിലായി. പ്രദേശത്തെ അൻപതോളം വീടുകളിൽ വെള്ളം കയറി വീട്ടുസാധനങ്ങളും രേഖകളും വസ്ത്രങ്ങളും നശിച്ചു. രാത്രിയോടെ പലരും കനത്ത മഴയിൽ വീടുവിട്ടിറങ്ങി കുട്ടികളെയും സ്ത്രീകളെയും മുതിർന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കണ്ണവം പഴയ പാലത്തിന്റെ കൈവരികൾ തകർന്നു. കണ്ണവം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങി പലവ്യ‍ഞ്ജനങ്ങൾ നശിച്ചു. രാവിലെയോടെ എത്തിയ ബംഗളൂർ, മാനന്തവാടി, ബസുകൾ നിർത്തിയിട്ടു. കഴുത്തറ്റം വെളളത്തിലൂടെ തോണിയിറക്കിയാണ് ചുണ്ടയിൽ രക്ഷാപ്രവർത്തനം നടത്തിയത്.

ഫോറസ്റ്റ് ഓഫീസ് വെള്ളത്തിൽ

മലവെള്ള പാച്ചലിൽ എടയാറിലെ കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസ് വെള്ളത്തിലായി. ഒന്നര മീറ്റർ ഉയരത്തിൽ കയറിയ വെള്ളത്തിൽ ഓഫീസിലെ കമ്പ്യൂട്ടറുകളും ഷെൽഫിൽ സൂക്ഷിച്ച ഫയലുകളും ഉപയോഗശൂന്യമായി. സ്റ്റേഷനിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത മരങ്ങൾ മലവെള്ളപാച്ചിലിൽ ഒഴുകി പോയി. കേസുകളിൽ പെട്ട വാഹനങ്ങളും വോക്കി ടോക്കി ,വൈദ്യുത ഉപകരണങ്ങൾ എന്നിവയും തകരാറിലായി.

രൂപയും മക്കളും രക്ഷപ്പെട്ടു,​ തലനാരിഴയ്ക്ക്

അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂളിന് സമീപം കനത്ത മഴയിൽ ഉപ്പോട്ട് വീട്ടിൽ ദേവിയുടെ വീടാണ് തകർന്നുവീണത്. ദേവിയുടെ മകൾ രൂപയും രണ്ടു മക്കളും ഉൾപ്പെടെ നാലുപേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടയിലാണ് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞ് വീണത്. ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. വീടിന്റെ മേൽക്കൂരയും തകർന്ന നിലയിലാണ്. വീട്ടുകാരെ മാറ്റി പാർപ്പിച്ചു.

വട്ടിപ്രത്ത് ക്വാറികൾ ഇടിഞ്ഞു

കനത്ത മഴയെ തുടർന്ന് വട്ടിപ്രത്ത് രണ്ട് ക്വാറികൾ കൂടി ഇടിഞ്ഞു. കഴിഞ്ഞ തവണ വൻ ദുരന്തം വിതച്ച ക്വാറിക്ക് സമീപമുള്ള രണ്ട് ക്വാറികളാണ് ഇന്നലെ രാവിലെ ഇടിഞ്ഞത്. ഇന്ത്യൻ ഫുട്‌ബോളർ സി കെ.വിനീതിന്റെ അച്ഛൻ വാസുവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയുടെ വടക്കുഭാഗമാണ് ഇടിഞ്ഞു വീണത്. ഏതാണ്ട് നൂറുമീറ്റർ ഉയരത്തുനിന്നും മണ്ണും മരങ്ങളുമെല്ലാം ക്വാറിയിലേക്ക് പതിച്ചു. ആൾ താമസം കുറഞ്ഞ പ്രദേശമായതിനാൽ വലിയ അപകടങ്ങൾ ഉണ്ടായില്ല. ക്വാറിയുടെ അടുത്ത് താമസിക്കുന്ന ഷിംന നിവാസ് ജനകിയുടെ വീട് അപകട ഭീഷണിയിലാണുള്ളത്. വട്ടിപ്രം കനാൽ ഭാഗത്തുള്ള കൂർമ്മ ജയന്റെ ഉടമസ്ഥതയിൽ ഉള്ള ക്വാറിയും ഇടിഞ്ഞു. ക്വാറിയുടെ തെക്ക് ഭാഗത്ത് ഏതാണ്ട് അമ്പത് മീറ്റർ നീളത്തിൽ മണ്ണ് താഴേക്ക് ഊർന്നു വീണിട്ടുണ്ട്.2015 മുതൽ കേരള മത്സ്യ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഇവിടെ കൂട് മത്സ്യം കൃഷിചെയ്തുവരുന്നുണ്ട്. മണ്ണിടിഞ്ഞെങ്കിലും കൂടുകൾക്ക് നാശം ഒന്നും ഉണ്ടായിട്ടില്ല.

കണ്ണൂർ ,കാസർകോട് ജില്ലകളിൽ ഇന്ന് അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ,കാസർകോട് ജില്ലകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണം.

തലശ്ശേരി താലൂക്കിൽ അഞ്ചു ക്യാമ്പുകളിൽ 235 പേർ
തലശ്ശേരി: കനത്ത മഴയെ തുടർന്ന് തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്.തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്‌കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേരും കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളിലെ 17 പേരും ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57 പേരുമാണുള്ളത്.ശിവപുരം കുണ്ടേരിപൊയിൽ വാഗ്ഭടാനന്ദ സാംസ്‌കാരിക കേന്ദ്രത്തിലെ ക്യാമ്പിലേക്ക് 28 കുടുംബങ്ങളിലെ 103 ആൾക്കാരെ മാറ്റി. ശിവപുരത്ത് മള്ളന്നൂർ ചിത്ര എന്നവരുടെ വീട്ടിൽ ഏഴു കുടുംബങ്ങളിലെ 27 ആൾക്കാരെയും മാറ്റിത്താമസിപ്പിച്ചു.

പൊന്ന്യംപാലം ചാടാലപ്പുഴ കര കവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ പൊന്ന്യംപാലം റേഷൻ ഷോപ്പ് റോഡ്, മാക്കുനി റോഡ്, മനയത്ത് വയൽ, കന്നോത്ത് മുക്ക് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി.ഇവിടെ നിന്നും ആളുകളെ മാറ്റി തുടങ്ങി.

ഗതാഗതം നിരോധിച്ചു

നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽച്ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചിട്ടുണ്ട്.

പറശ്ശിനി ബോട്ട് ജെട്ടിയിൽ വെള്ളം കയറി

പറശിനിക്കടവ് ബോട്ട് ജെട്ടിയിൽ വെള്ളംകയറിയതിനെ തുടർന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സ്വകാര്യ ബോട്ടുകളും സർവീസ് നിർത്തി വച്ചു.

വെള്ളം കയറി റേഷൻ സാധനങ്ങൾ നശിച്ചു

ദേശീയപാത തൃച്ചംബരത്തെ വി.കെ.വ്യാസന്റെ റേഷൻ കടയിൽ ചെളിവെള്ളവും കയറി പതിനാറ് ചാക്ക് അരിയും അര ക്വിന്റലിലധികം ആട്ടയും നശിച്ചു. ദേശീയപാത നിർമ്മാണത്തിനിടെ ഓവുചാലിൽ കെട്ടിനിന്ന വെള്ളമാണ് റേഷൻ കടയിലേക്ക് കയറിയത്.