uliyil

ഇരിട്ടി\പേരാവൂർ നാല് ദിവസത്തിലേറെയായി തുടരുന്ന മഴയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മലയോര മേഖല. പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ഭാഗ്യവശാൽ ജീവാപായമുണ്ടായില്ല.വീടുകൾ തകർന്നും വൈദ്യുതികമ്പികൾ പൊട്ടിവീണും കിണറുകൾ താഴ്ന്നും നിരവധി കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി.ഇരിട്ടി വൈദ്യുതി ഡിവിഷനിൽ പെട്ട മലയോര ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സം തുടരുകയാണ്.

വെള്ളപ്പൊക്കഭീഷണി

ഇരിട്ടി മേഖലയിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. സംസ്ഥാന ഹൈവേ ഉൾപ്പെടെ ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.
മാടത്തിൽ സെന്റ് സെബാസ്റ്റിയൻസ് പള്ളി സിമിത്തേരിക്ക് പിറകിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ സെമിത്തേരിയും അനുബന്ധ കെട്ടിടങ്ങളും അപകട ഭീഷണിയായി. സെമിത്തേരിയിലെ 25 കല്ലറകൾക്ക് മുകളിൽ മണ്ണുവീണു. ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര, പെരിയത്തിൽ, ഉളിയിൽ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നു 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തില്ലങ്കേരി തെക്കംപൊലിലും 12 ഓളം വീടുകളിലും വെള്ളം കയറി. ഉളിയിൽ തോട് കര കവിഞ്ഞ് ഉളിയിൽ ഗവ യു.പി.സ്‌കൂളിന്റെ ക്ലാസ് മുറികളിലടക്കം വെള്ളം കയറി.

ഗതാഗതം തടസപ്പെട്ട് മലയോരഹൈവേ

ഇരിട്ടി ഇരിക്കൂർ, ഇരിട്ടി കൂത്തുപറമ്പ്, എടൂർ പാലപ്പുഴ മണത്തണ മലയോര ഹൈവേ, വള്ളിത്തോട് കൂട്ടുപുഴ, പാലപ്പുഴ ആറളം ഫാം കീഴ്പ്പള്ളി, കൊട്ടാരം കാഞ്ഞിരംകേരി അമ്പലം, കൊട്ടാരം പെരിയത്തിൽ, വാണിയപ്പാറ രണ്ടാംകടവ്, ചെടിക്കുളം വീർപ്പാട്, ഉളിയിൽ പാച്ചിലാളം എന്നീ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.വാണിയപ്പാറ രണ്ടാംകടവ് ഹോമിയോ ഡിസ്‌പെൻസറിക്ക് സമീപവും തില്ലങ്കേരി തലച്ചങ്ങാട് കുണ്ടതോട് മരാമത്ത് റോഡിലും മണ്ണിടിഞ്ഞു.

അപകടനിലയ്ക്ക് മുകളിലെത്തി പുഴകൾ

ബാരാപോൾ പുഴ, ബാവലി പുഴ, നുച്യാട് പുഴ, വെമ്പുഴ, കൊണ്ടൂർ പുഴ, പാലപ്പുഴ, ഉളിയിൽ തോട് എന്നിവ നിറഞ്ഞ് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആറളം ഫാം പാലപ്പുഴ പാലം രണ്ടാം ദിവസവും വെള്ളത്തിനടയിലാണ്. പഴശ്ശി പദ്ധതിയുടെ 12 ഷട്ടറുകൾ പൂർണമായും 4 ഷട്ടറുകൾ ഭാഗികമായും തുറന്നതോടെ വളപട്ടണം പുഴ നിറഞ്ഞു കവിഞ്ഞു. പഴശ്ശി പദ്ധതി പ്രദേശത്തെ പഴശ്ശി ഗാർഡനിൽ പുഴയിൽ നിന്നും വെള്ളം കയറിയതിനെത്തുടർന്ന് ഗാർഡനിലെ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. ഗാർഡനിലെ മൂന്ന് കൂറ്റൻ മരങ്ങൾ കടപുഴകി രണ്ട് കടകൾ തകർന്നു. കിളിയന്തറ വളവുപാറയിലെ മണ്ണിടിച്ചിൽ ഭീഷണി രണ്ടാം ദിവസവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനാന്തര പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചില്ല. വള്ളിത്തോട് ചരൾ കച്ചേരിക്കടവ് പാലം റീബിൽഡ് കേരള റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

വെള്ളറയിൽ മലവെള്ളപ്പാച്ചിൽ

കനത്ത മഴയിൽ വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി താഴെ വെളളറ മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി.കൃഷിയിടങ്ങളിൽ കല്ലും ചെളിയും നിറഞ്ഞു. കഴിഞ്ഞ ഉരുൾപൊട്ടലിൽ നിന്നും പ്രദേശവാസികൾ മുക്തമാകാൻ തുടങ്ങുന്നതിനിടെയാണ് വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
അപകട ഭീഷണിയെത്തുടർന്ന് പഞ്ചായത്തിന്റെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 6 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു.താഴെ വെള്ളറയിലെ രാജു കളപ്പുരക്കൽ, കുന്നുമ്മൽ പത്മനാഭൻ, ഗിരീഷ് കുന്നുമ്മൽ, വാസു കുന്നുമ്മൽ, തോട്ടത്തിൽ സജി, പഴയ പറമ്പിൽ സജി എന്നിവരെയാണ് മാറ്റി താമസിപ്പിച്ചത്.

നിടുംപൊയിൽ മാനന്തവാടി റോഡിൽ വൻ വിള്ളൽ

അതിശക്തമായ മഴയെ തുടർന്ന് നിടുംപൊയിൽ മാനന്തവാടി റോഡിൽ വൻ വിള്ളൽ രൂപപ്പെട്ടു. ചുരം റോഡിൽ വിള്ളലിനെ തുടർന്ന് ഗതാഗതം പൂർണമായും നിരോധിച്ചു. മാനന്തവാടിയിലേക്ക് കൊട്ടിയൂർ പാൽച്ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചു.കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റൂട്ടിൽ പാൽചചുരം വഴിയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി കേളകം പോലീസ് അറിയിച്ചു.


ആനമതിൽ തകർന്നതിന്റെ ആശങ്കയും
മഴയിൽ ചീങ്കണ്ണിപ്പുഴയുടെ അതിർത്തികളിൽ സ്ഥാപിച്ച ആനമതിൽ പല ഭാഗങ്ങളിലും തകർന്നു വീണു. മുട്ടുമാറ്റി, കോച്ചിക്കുളം, വാളുമുക്ക് എന്നിവിടങ്ങളിലെല്ലാം ആനമതിൽ തകർന്നിട്ടുണ്ട്.ആനമതിൽ തകർന്നതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു.മഴ തുടരുന്നതിനാൽഅടിയന്തരമായി അറ്റകുറ്റ പ്രവൃത്തി നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.


പടം :കനത്ത മഴയിൽ വിള്ളൽ രൂപപ്പെട്ട നിടുംപൊയിൽ മാനന്തവാടി ചുരം റോഡ്

കണിച്ചാർ താഴെ വെള്ളറയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായപ്പോൾ