mannu

കണ്ണൂർ: റെഡ് അലേർട്ട് തുടരുന്ന കണ്ണൂരിൽ ഇന്നലെ ഉച്ച വരെ പല ഭാഗങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും ഉച്ചയോടെ വീണ്ടും കനത്തു. താഴ്ന്നുതുടങ്ങിയ ചെറിയ പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ഉച്ചയോടെ വീണ്ടും ഉയർന്നു. ജില്ലയിലെ മലയോരമുൾപ്പെടെയുള്ള പ്രദേശങ്ങൾ ഇപ്പോഴും മണ്ണൊലിപ്പും ഉരുൾപ്പൊട്ടൽ ഭീതിയിലുമാണ്.

ഇരിട്ടി, ശ്രീകണ്ഠപുരം, ഇരിക്കൂർ, ഉളിക്കൽ, കണ്ണവം, മട്ടന്നൂർ, കീഴല്ലൂർ, എടയന്നൂർ, തലശേരി, മുഴപ്പിലങ്ങാട്, ധർമടം, എടക്കാട്, മേഖലകളിൽ വീടുകളിൽ കയറിയ വെള്ളം ഇന്നലെ രാവിലെയോടെ ഇറങ്ങി തുടങ്ങിയിരുന്നു. ഉച്ചക്ക് ശേഷം മഴ ശക്തമായതോടെ വീണ്ടും ആശങ്കയുയർന്നിട്ടുണ്ട്.

ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ നിരവധി വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.ആയിരത്തിലേറെ വീടുകൾ ഭാഗികമായി തകർന്നു.മണ്ണിടിഞ്ഞും മരം പൊട്ടി വീണുമാണ് ഭൂരിഭാഗം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചത്.കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ് മേഖലയിൽ നിരവധി കുടുംബങ്ങൾ ഇപ്പോൾ ക്യാമ്പിലും ബന്ധുവീടുകളിലുമാണ്.കനത്ത മഴയെ തുടർന്ന് തലശേരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പിലേക്ക് 79 കുടുംബങ്ങളിലെ കുട്ടികളടക്കം 277 പേരെ മാറ്റി പാർപ്പിച്ചിരുന്നു.

കോർപറേഷൻ പരിധിയിലെ പടന്നപ്പാലം, മഞ്ചപ്പാലം എന്നിവിടങ്ങളിൽ പല വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടെയുള്ള പലരും ബന്ധുവീടുകളിലേക്ക് മാറി.കോറളായി തുരുത്തിൽ പത്ത് കുടുംബങ്ങൾ കടുത്ത പ്രയാസം നേരിടുകയാണ്.മമ്പറം പുഴ കവിഞ്ഞതിനെ തുടർന്ന് അഞ്ചരക്കണ്ടിഭാഗത്തേക്കുള്ള ഗതാഗതം നിലച്ചു.റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് മമ്പറം ടൗണിലെ ജുമാ മസ്ജിദിന് മുൻവശം പൊലീസ് ബാരിക്കേഡ് വച്ച് ഗതാഗതം തടഞ്ഞു.