veed

കൃത്തുപറമ്പ്:അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞതിനെ തുടർന്ന് മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഒന്നാം വാർഡായ വട്ടിപ്രത്തെ കെ.സി.നഗർ, മണിക്കോത്ത് വയൽ, വെള്ളാനപ്പൊയിൽ, സ്രാമ്പി തുടങ്ങിയ സ്ഥലങ്ങളിലെ 50 ഓളം വീടുകളിലാണ് വെള്ളം കയറിയത്.

ഇതിൽ ഒരു വീട് ഭാഗികമായി തകർന്ന് വാസയോഗ്യമല്ലാതായി .വെള്ളം കയറിയ വീടുകളിലെ ആൾക്കാരെ ബന്ധു വീടുകളിലെക്ക് മാറ്റി പാർപ്പിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വട്ടിപ്രത്ത് നടന്ന ക്വാറി അപകടം നടന്നതിന്റെ അടുത്ത് തന്നെയുള്ള വെള്ളാനപ്പൊയിലിൽ രണ്ട് ക്വാറികളിൽ ഇന്നലെ മണ്ണിടിച്ചൽ ഉണ്ടായി.അപകടവസ്ഥയിലായ ആറോളം ക്വാറികൾ ഈ പ്രദേശത്തുണ്ട്.

കനത്ത മഴയിൽ വെള്ളാനപ്പൊയിൽ മുണ്ടയാടാൻ ബാലന്റെ വീട് തകർന്നു .വീടിന് അകത്ത് വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. നീർവ്വേലി പുഴ കരകവിഞ്ഞ് സ്‌നേഹാലയത്തിൽ ഗൗരിയുടെ വീട് തകർന്നു. വീടിന്റെ അടുക്കള ഭാഗം തകർന്നു.വീട്ടുകാർ അയൽവീട്ടിലേക്ക് നേരത്തെ മാറിയതിനാൽ അപകടം ഒഴിവായി.