a
News

ചെറുപുഴ: മാതമംഗലത്ത് കാറിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണ് ഒരാൾക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് പേരൂൽ റോഡിലാണ് സംഭവം. കാർ ഡ്രൈവർ പേരൂലിലെ സി.എം.ദാമോദരനാണ് പരിക്കേറ്റത്. മാതമംഗലം ഭാഗത്തേക്ക് പോകുന്ന ലോറിയാണ് പേരൂൽ ഭാഗത്തേക്ക്‌ പോകുന്ന കാറിന് മുകളിലേക്ക് മറിഞ്ഞത്. റോഡിലെ കൊടുംവളവുകളാണ് അപകടത്തിന് കാരണം.

മാതമംഗലം ബസാറിൽ നിന്നും പേരൂൽ, എരമം ഭാഗത്തേക്ക്‌ പോകുന്ന റോഡാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. ചെങ്കുത്തായ ഇറക്കവും കൊടും വളവും കാരണം അപകടം ഉണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഗതിയെക്കുറിച്ച് പരിചയമില്ലാത്തവർക്ക് മിക്കവാറും അപകടം പിണയാറുണ്ട്. ശാസ്ത്രീയമായി റോഡ് പുനർനിർമ്മിക്കണമെന്നത് ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ്‌. മുന്നറിയിപ്പ് കണ്ണാടി ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അപകടം കുറയ്ക്കുന്നില്ല.