1
ഉദിനൂരിലെ ഡോക്ടർ ജയദേവന്റെ വീടിന്റെ മതിലിലേക്ക് കടപുഴകി വീണ കൂറ്റൻ അക്കേഷ്യ മരം

ഉദിനൂർ: വഴിയാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും ജീവന് ഭീഷണിയാവുകയാണ് ഉദിനൂരിലെ അക്കേഷ്യ മരങ്ങൾ. നടക്കാവ് എടച്ചാക്കൈ റോഡരുകിലുള്ള വൻ മരങ്ങൾ കാറ്റിലും മഴയിലും കടപുഴക്കി വീഴാൻ തുടങ്ങിയതാണ് അപകട ഭീഷണി ഉയർത്തുന്നത്. ചൊവ്വാഴ്ച രാത്രിയുണ്ടായ ചുഴലിയിൽ പടുകൂറ്റൻ അക്കേഷ്യ മരം വേരോടെ പൊരിഞ്ഞു വീണത് ഡോ. ജയദേവന്റെ മതിലിന് മുകളിലേക്കാണ്. മരം വീണ് മതിൽ തകർന്നു. എന്നാൽ ഈ മരം തെക്കു ഭാഗത്തേക്ക്‌ ചെരിഞ്ഞാണ് വീണതെങ്കിൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ മുകളിൽ പതിക്കുമായിരുന്നു.

ഹൈടെൻഷൻ വൈദ്യുതി ലൈൻ അടക്കം ഈ ഭാഗത്തുണ്ട്. അതിന്റെ മുകളിൽ പതിച്ചാലും വൻ ദുരന്തം സംഭവിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് ഉദിനൂർ റെയിൽവേ ഗേറ്റ് മുതൽ ഉദിനൂർ സെൻട്രൽ വരെയുള്ള ദേവസ്വം ഭൂമിയിൽ വെച്ചുപിടിപ്പിച്ച അക്കേഷ്യ മരങ്ങളാണ് കടപുഴകി വീണു തുടങ്ങിയത്. മുമ്പ് ഇവിടെ ഉണ്ടായിരുന്ന കാറ്റാടി മരങ്ങൾ മുറിച്ചാണ് അക്കേഷ്യ വെച്ചു പിടിപ്പിച്ചത്.

മൂന്ന് നില വീടുകളുടെ ഉയരം

മൂന്നുനിലയുള്ള വീടുകളുടെ പൊക്കത്തിൽ വളർന്നു കഴിഞ്ഞ ഈ മരങ്ങൾ സാമാന്യം വണ്ണത്തിലുള്ളതാണ്. മഴയും കാറ്റും വരുമ്പോൾ ഓരോ മരങ്ങളും വീണു കൊണ്ടിരിക്കുകയാണ്. അക്കേഷ്യ മരങ്ങൾ അടുത്ത കാലത്തായി അധികാരികൾ വ്യാപകമായി മുറിച്ചു മാറ്റിയിരുന്നു. ഉദിനൂരിൽ മാത്രമാണ് ഈ മരങ്ങൾ മുറിക്കാതെ അവശേഷിക്കുന്നത്.