കണ്ണൂർ: ജില്ലയുടെ ഔദ്യോഗിക സംവിധാനത്തിലൂടെ 15 വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് തിരിച്ചു. ജില്ലാ പഞ്ചായത്ത് 10 വാഹനങ്ങളിലായാണ് അവശ്യ സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലേക്ക് അയച്ചത്.
ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ , വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി.കെ.സുരേഷ് ബാബു, അഡ്വ. ടി.സരള, അഡ്വ. കെ.കെ.രത്നകുമാരി, അസി : കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ കോർപ്പറേഷൻ മൂന്നു വാഹനങ്ങളിലായും, തലശ്ശേരി, കണ്ണൂർ താലൂക്കുകൾ ഓരോ വാഹനങ്ങളിലായുമാണ് ദുരിതാശ്വാസ സാധനങ്ങൾ കൈമാറിയത്. കണ്ണൂർ താലൂക്ക് ഓഫീസിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ ജില്ലാ കളക്ടറും അസി: കളക്ടറും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറും പങ്കെടുത്തു. വിവിധ വ്യക്തികളും സംഘടനകളും അവശ്യ വസ്തുക്കളായ വസ്ത്രങ്ങൾ (പുതിയത്), കുടിവെള്ളം, സാനിറ്ററി പാഡ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, അരി, പയർ വർഗങ്ങൾ, തേയില പൊടി, പഞ്ചസാര മുതലായവ ഔദ്യോഗിക സംവിധാനങ്ങൾ വഴി ഏർപ്പെടുത്തിയ സംഭരണ കേന്ദ്രങ്ങൾക്ക് കൈമാറിയിരുന്നു.