maram

തലശ്ശേരി:പൊന്ന്യം പുഴ കരകവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളക്കെട്ടൊഴിയാതെ ഗ്രാമങ്ങൾ. മാക്കുനി, ഉണ്ടമുക്ക്, മനയത്ത് വയൽ, മനേക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.

ഉണ്ടമുക്കിലാണ് ആദ്യം വെള്ളമെത്തിയത്. ഇവിടെ വെള്ളം നിറഞ്ഞ് വയലും റോഡും കാണാതായി. ഇതുവഴിയുള്ള ഗതാഗതം നേരത്തെ നിലച്ചിരുന്നു. സമീപത്തെ വീടുകളുടെ മുറ്റങ്ങളിലും വെള്ളം ഇരച്ചെത്തി. മനയത്ത് വയലിലും കൂടുതൽ വെള്ളമെത്തിയതോടെ ആളുകളെ ഒഴിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഈ ഭാഗത്ത് വീടുകളിലേക്ക് വെള്ളമെത്തിയത്. പൊന്ന്യം പാലത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പല വീട്ടുകാരെയും മാറ്റി പാർപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചെത്തി. പൊന്ന്യം പാലം മുതൽ മാക്കുനി വരെയുള്ള പ്രദേശത്തും റോഡിലും വീടുകളിലും വെള്ളമെത്തി. മാക്കുനിയിൽ പല വീട്ടുകാരെയും മാറ്റി. പാനൂർ തലശേരി റൂട്ടിൽ മാക്കുനിയിൽ വെള്ളം കയറിയത് ഇരുചക്രവാഹനയാത്രയെ ബാധിച്ചു. നാട്ടുകാർ ഇടപെട്ടാണ് ഇരുവശത്തു നിന്നും ഗതാഗതം നിയന്ത്രിച്ചത്. മനേക്കര വഴിയും ഇരുചക്രവാഹന യാത്രികർ ഏറെ പാടുപെട്ടാണ് കടന്നു പോയത്.

ദുരിതബാധിത പ്രദേശങ്ങളിലെത്തി ജനപ്രതിനിധികൾ

വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, പന്ന്യന്നൂർ പഞ്ചായത്ത് അംഗങ്ങളായ കെകെ മണിലാൽ, കെ.മോഹനൻ, ഹഫ്സത്ത് ഇടവലത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ഹരിദാസ്, നസീർ ഇടവലത്ത് എന്നിവർ സന്ദർശിച്ചു.മനേക്കരയിലെ ദുരിതബാധിത മേഖലയിൽ ബി. ജെ പി.നേതാക്കളായ പി.സത്യപ്രകാശ്, അഡ്വ.ജി.ഷിജി ലാൽ, വി.പി.ഷാജി, വാർഡ് മെമ്പർ എ.കെ.ഭാസ്‌കരൻ, എം.സന്തോഷ്, സി ഗിരീഷ്, ഒന്തത്ത് കഞ്ഞിക്കണ്ണൻ, കെ.പി വിനീഷ് എന്നിവർ സന്ദർശിച്ചു.


മനേക്കരയിൽ വ്യാപകനാശം
കനത്ത മഴയിലും കാറ്റിലും മനേക്കരയിൽ വ്യാപക നാശനഷ്ടം. വൈദ്യുത ലൈനിലും പശു തൊഴുത്തിലും മരം വീണു. മനേക്കരയിൽ എടത്തട്ട ഭാസ്‌ക്കരന്റെ വീടിന്റെ സമീപം വൈദ്യുത ലൈനിലും പശുത്തൊഴുത്തിന് മുകളിലുമായി കൂറ്റൻ മരം പൊട്ടിവീണു. തൊഴുത്ത് ഭാഗികമായി തകർന്നു. മരം പിന്നീട് നാട്ടുകാർ മുറിച്ചു മാറ്റി. പ്രകാശൻ ചിരുകണ്ടോത്ത്, പ്രേമരാജൻ.ടി.പി തുടങ്ങിയവർ നേതൃത്വം നൽകി.