kallayi
കല്ലായിപ്പുഴ

 ഇന്നു ചേരുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും

കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളി നീക്കംചെയ്യാനും ആഴംകൂട്ടി ഒഴുക്ക് വർദ്ധിപ്പിക്കാനുമുള്ള പ്രവൃത്തികൾക്കായുള്ള കാത്തിരിപ്പ് നീളുന്നതിനെ തുടർന്ന് പ്രതിഷേധം കനക്കുന്നതിനിടെ പ്രവൃത്തി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി വീണ്ടും കോർപ്പറേഷൻ. പ്രവൃത്തി നടപ്പാക്കുന്നതിനായി അധികമായി 5.07 കോടി രൂപ അനുവദിക്കാനുള്ള അജണ്ട ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗം പരിഗണിക്കും.

മൂര്യാട് പാലം മുതൽ കോതിപ്പാലം വരെ കല്ലായിപ്പുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് അധിക തുക അനുവദിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ നഗരസഭയെ അറിയിച്ചിരുന്നു.

പ്രവൃത്തിക്കായി നിലവിൽ 7.9 കോടി രൂപ ഇറിഗേഷൻ വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. അധികമായി ആവശ്യപ്പെട്ട തുക 5,07,70446 രൂപയാണ്. ഇത് സംബന്ധിച്ച തീരുമാനത്തിനായി കഴിഞ്ഞ 27ന് ധനകാര്യ സ്ഥിരം സമിതി മുമ്പാകെ സമർപ്പിക്കുകയും തുക അനുവദിക്കുന്ന വിഷയം തീരുമാനത്തിനായി കൗൺസിലിലേക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. വർഷങ്ങളായി സാങ്കേതിക പ്രശ്നത്തിൽപെട്ടാണ് പദ്ധതി വൈകിയത്. നേരത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും ചെലവിൽ വലിയ വർദ്ധനവ് വന്നതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ചെളി നീക്കുന്നതിനായി അധികത്തുക അനുവദിക്കുന്നതിനുള്ള അംഗീകാരം സർക്കാർ നൽകിയിരുന്നില്ല. ജലസേചനവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

കല്ലായിപ്പുഴയിൽ മാങ്കാവ് കടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചെളിയും നീക്കാനുള്ളതാണ് പദ്ധതി. 7.9 കോടി രൂപയാണ് ആദ്യം ചെലവ് കണക്കാക്കിയത്. ഈ തുക കോർപ്പറേഷൻ ഇറിഗേഷൻ വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ടെൻഡർ വിളിച്ചപ്പോൾ തുക ഉയർന്നു. ടെൻഡറിൽ 9.81 കോടിയുടേതാണ് കുറഞ്ഞ ടെൻഡർ നിരക്ക്. ഇത് പദ്ധതി ചെലവ് കണക്കാക്കിയതിന്റെ 34.39 ശതമാനം അധികമാണ്. തുടർന്ന് സാങ്കേതിക കുരുക്കിൽ പെട്ട് പദ്ധതി വൈകി.

അധികമായി ആവശ്യം വരുന്ന 1.91 കോടി രൂപ കൂടി നൽകാൻ കോർപ്പറേഷൻ കൗൺസിലിൽ തീരുമാനിച്ചു. എന്നാൽ പത്ത് ശതമാനം വരെ അധികത്തുക മാത്രമേ വകുപ്പ് തലത്തിൽ അംഗീകാരം നൽകാനാവുള്ളൂവെന്നാണ് ചട്ടം. സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പ്രവൃത്തി നടപ്പാക്കാനിരുന്നത്.

കല്ലായിപ്പുഴ ശുചീകരണത്തോടെ പുഴയോരത്തെയും നഗരത്തിലെയും വെള്ളക്കെട്ടുകൾക്ക് വലിയ പരിഹാരമാവുമെന്നാണ് കരുതുന്നത്. കനോലി കനാൽ വഴിയെത്തുന്ന വെള്ളം കല്ലായിപ്പുഴയിലൂടെ ഒഴുകാത്തതിന് കാരണം പുഴയിൽ അടിഞ്ഞു കൂടിയ ചെളിയും ആഴക്കുറവുമാണെന്നാണ് വിലയിരുത്തൽ. കല്ലായിപ്പുഴ ആഴം കൂട്ടണമെന്ന ആവശ്യം ഏറെക്കാലമായുള്ളതാണ്. പ്രളയമുണ്ടായപ്പോൾ പുഴയിലെ ഒഴുക്ക് കുറഞ്ഞിട്ടുമുണ്ട്. കല്ലായിപ്പുഴയിലെ ചെളി നീക്കൽ വൈകുന്നതിനെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.