കോഴിക്കോട്: സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാനായി ടി.വി.ബാലൻ ചുമതലയേറ്റു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്. ചെയർമാനായിരുന്ന പി.പി.സുനീർ രാജ്യസഭാംഗം ആയതിനെ തുടർന്നാണ് ചുമതല നൽകിയത്. കർഷകത്തൊഴിലാളികളായിരുന്ന പാറൻ-പൊലിയായി ദമ്പതികളുടെ മകനായി കോഴിക്കോട് ചെറുവണ്ണൂർ മുയിപ്പോത്ത് തെക്കേവീട്ടിൽ 1950ൽ ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഫാറൂഖ് കോളേജിൽ പഠനം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലൂടെ പൊതുരംഗത്തെത്തി.
വിദ്യാർത്ഥി, യുവജന, സാംസ്‌കാരിക രംഗങ്ങളിലൂടെ സി.പി.ഐ നേതൃത്വത്തിലേക്ക് വന്നു. ദീർഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന, ദേശീയ കൗൺസിൽ അംഗമായിരുന്നു. ടെലികോം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് സ്വയം വിരമിച്ചു. കെ.പി.എ.സി നിർവാഹക സമിതിയംഗവും, പ്രഭാത് ബുക്ക് ഹൗസ്, ജനയുഗം ഡയറക്ടർ ബോർഡ് അംഗവുമാണ്. ഔഷധി ഡയറക്ടർ ബോർഡ് അംഗവുമാണ്. കോഴിക്കോട് പറമ്പിൽ ബസാർ 'സംസ്‌കാര'യിലാണ് താമസം. ഭാര്യ: എം.മാളു (റിട്ട. സെൻട്രൽ ബാങ്ക്). മക്കൾ: ടി.വി.ജോഷി (ജേർണലിസ്റ്റ്) ടി.വി.ഷൂറ (ജുഡീഷൽ ഡിപ്പാർട്ട്‌മെന്റ്).
ദുരിതവഴികൾ താണ്ടി
എത്തിയ നേതാവ്
ദുരിതപൂർണമായ കർഷകത്തൊഴിലാളി ജീവിതത്തിലൂടെ ഉദിച്ചുയർന്ന നേതാവാണ് ടി.വി.ബാലൻ. കോഴിക്കോട്ടുകാരുടെ സ്വന്തം ബാലേട്ടൻ. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിലായിരുന്നു ബാല്യം. ചോർന്നൊലിക്കുന്ന കൂരയിൽ പാഠപുസ്തകങ്ങൾപോലും നനഞ്ഞൊട്ടിപ്പോയ സ്‌കൂൾകാലം. അച്ഛനും അമ്മയും എല്ലുമുറിയെ പണിയെടുത്ത് കൊണ്ടുവന്നാലും കഞ്ഞികുടിക്കേണ്ടി വന്ന കാലം ഇപ്പോഴും ഓർമയിൽ ഒരു കണ്ണീർപൊട്ടായി ഉണ്ടെന്ന് ബാലൻ പറയുന്നു.
ഒരുപക്ഷേ, എങ്ങനെയാവണം ഒരു കമ്യൂണിസ്റ്റെന്ന് പഠിപ്പിച്ചത് ബാല്യകാലമാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാലം സി.പി.ഐയുടെ കോഴിക്കോട് ജില്ലയിലെ അമരക്കാരനായിരുന്ന ശേഷമാണ് ഹൗസിംഗ് ബോർഡ് ചെയർമാനെന്ന പുതിയ നിയോഗം. ഒരുപാട് പ്രശ്‌നങ്ങളും കറകളും നിറഞ്ഞ ഡിപ്പാർട്ടുമെന്റാണ്. പടിപടിയായി എല്ലാം നേരെയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.