വടകര: ദേശീയപാതയിൽ വടകരയ്ക്കും തലശേരിക്കുമിടയിൽ മുക്കാളിയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കി വീതി കൂട്ടിയ സ്ഥലത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. മണ്ണെടുത്ത സ്ഥലത്ത് സോയിൽ നയിലിംഗ് നടത്തിയ സ്ഥലമാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. മീത്തലെ മുക്കാളിയിൽ റോഡിന്റെ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് വീഴുകയായിരുന്നു. രാവിലെ എട്ട് മണി മുതൽ ആരംഭിച്ച ഇടിച്ചിൽ ഒരു മണിക്കൂറുകൊണ്ട് ദേശീയപാതയിൽ ഗതാഗതം തടസപ്പെടുന്ന രൂപത്തിലാവുകയായിരുന്നു. രാവിലെ മുതൽ പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് ആക്കം കൂട്ടിയത്. ദേശീയപാത വികസനത്തിനു വേണ്ടി കുന്നിടിക്കുമ്പോൾ മതിയായ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ദീർഘകാലം മഴ പെയ്യുന്ന കേരളത്തിൽ പ്രായോഗികമല്ലാത്ത സോയിൽ നയിലിംഗ് ആണ് ഇവിടെ ചെയ്തത്. ഇതിനായി പ്ലാസ്റ്റർ ചെയ്തത് മുഴുവൻ നിലം പൊത്തിയിട്ടുണ്ട്. വടകര-തലശേരി റൂട്ടിൽ ഗതാഗതം താറുമാറായ നിലയിലാണ്. കുഞ്ഞിപ്പള്ളി, കണ്ണൂക്കര, കൈനാട്ടി എന്നിവിടങ്ങളിൽ നിന്നായി വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇതിനിടെ, ശാശ്വത പരിഹാരം കാണാതെ ദേശീയ പാതയിൽ നിന്ന് മണ്ണ് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ രംഗത്തെത്തി. കളക്ടർ സ്ഥലം സന്ദർശിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവാദിത്തമുള്ള സബ്കളക്ടർ ഉച്ചയോടെ സ്ഥലെത്തെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുമായി സബ് കളക്ടർ ചർച്ച നടത്തി. വശങ്ങൾ ഇടിയുന്ന പ്രശ്നത്തിന് ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരം കാണാതെ പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജനപ്രതിനിധികളും നാട്ടുകാരും നിർബന്ധം പിടിച്ചപ്പോൾ നിർമ്മാണ കമ്പനി ആവശ്യം അംഗീകരിക്കുകയായിരുന്നു. കൂടാതെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ വീട്ടുകാരെ നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ മാറ്റിപ്പാർപ്പിക്കാനും ധാരണയായിട്ടുണ്ട്. രാത്രി വൈകിയും മാഹി മുതൽ പയ്യോളി വരെ ഗതാഗതക്കുരുക്ക് തുടരുകയാണ്.