ബേപ്പൂർ: ഹാർബറിലെ മാലിന്യ വിഷയത്തിൽ ഇടപെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ട്രോളിംഗ് നിരോധന കാലയളവിൽ ഹാർബറിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, കുടിവെള്ള വിഷയം, ലഹരി വിൽപ്പന, അനധികൃത പാർക്കിംഗ്, പരിമിതമായ ശൗചാലയങ്ങൾ, ഹാർബറിലെ സ്ഥല പരിമിതി എന്നീ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഫിഷറീസ് കാര്യാലയത്തിന് നിർദ്ദേശം നൽകി. മാലിന്യ നിർമ്മാർജ്ജനം കുടുംബശ്രീയും കോർപ്പറേഷനുമായി ബന്ധപ്പെട്ട് നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 16 ലക്ഷം വകയിരുത്തി ഹാർബർ എൻജിനിയറിംഗിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ട്. 86 കോടി വകയിരുത്തി ഹാർബറിൽ വൻ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ബേപ്പൂർ പൊലീസും കോസ്റ്റൽ പൊലീസും ഹാർബറിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള വിഷയപരിഹാരത്തിനായി ജപ്പാൻ കുടിവെള്ള പദ്ധതി ഹാർബറിലേക്ക് നീട്ടാനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി സതീശന്റെ നേതൃത്വത്തിൽ ഫിഷറീസ് കാര്യാലയത്തിൽ വച്ച് മന്ത്രിയുടെ നിർദ്ദേശ പ്രകാരം വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, മുദാക്കര പള്ളിക്കമ്മറ്റി , കോസ്റ്റൽ പൊലീസ്, ബേപ്പൂർ പൊലീസ്, തരകൻ അസോസിയേഷൻ പ്രതിനിധികൾ, മത്സ്യവിപണന പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം നടന്നു.