കോഴിക്കോട്: നീറ്റ്, നെറ്റ് പരീക്ഷാചതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാകമ്മറ്റി ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനുനേരെ കൈയേറ്റവും കല്ലേറുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് നൂറോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ചുമായെത്തിയത്. മാനാഞ്ചിറയ്ക്ക് സമീപത്തെ ഓഫീസ് പൂട്ടി ബാരിക്കേഡ് തീർത്ത് പൊലീസ് പ്രതിരോധം തീർത്തെങ്കിലും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ സമരക്കാരിലൊരാൾ പൊലീസിനുനേരെ കല്ലെറിഞ്ഞു. തുടർന്ന് ഒരുകൂട്ടം പ്രവർത്തകർ ബാരിക്കേഡിന് പുറത്തുണ്ടായിരുന്ന പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. മെഡിക്കൽകോളജ് അസി.കമ്മീഷണർ കെ.ഇ.പ്രേമചന്ദ്രനെയടക്കം തള്ളിയിടാൻ ശ്രമിച്ചെങ്കിലും പൊലീസ് ലാത്തിചാർജിന് മുതിർന്നില്ല. ഡി.വൈ.എഫ്.ഐ മാർച്ചായതിനാൽ വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നില്ല. പൊലീസുമായുള്ള കൈയേറ്റം നേതാക്കൾ ഇടപെട്ടാണ് അവസാനിപ്പിച്ചത്.
സമരം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗം ജെയ്ക്.സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. പി.സി.ഷൈജു, പി.കെ.സുമേഷ്, നീറ്റ് എഴുതിയ വിദ്യാർത്ഥി ശ്രുതി കായക്കൊടി എന്നിവർ പ്രസംഗിച്ചു.