കോഴിക്കോട്: പരാധീനതയിൽ വലയുമ്പോഴും ദുരിതപ്പെയ്ത്തിനെ നേരിടാൻ ജില്ലയിലെ അഗ്നിരക്ഷാസേന റെഡി. ഏത് പ്രതിസന്ധിയെയും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ആഴ്ചകൾക്ക് മുമ്പേ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. മഴക്കാലമായതോടെ നൂറുകണക്കിന് ഫോൺകോളുകളാണ് അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ട് ദിവസവും എത്തുന്നത്. ജൂൺ മുതൽ ഇന്നലെ വരെ 316 കോളുകളാണ് ജില്ലയിലെ 9 ഫയർ സ്റ്റേഷനുകളിൽ എത്തിയത്. ജോലിഭാരം വർദ്ധിച്ചതോടെ അവധി ഒഴിവാക്കി ജീവനക്കാരെല്ലാം തിരിച്ചെത്തി. 500 ലേറെ സേനാ ഉദ്യോഗസ്ഥരാണ് ജില്ലയിലുള്ളത്.
#സജ്ജീകരണങ്ങൾ പൂർണം
അപകടസാദ്ധ്യതയുള്ള സ്ഥലങ്ങൾ ജില്ലാ ഭരണകൂടത്തെയും തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കുന്ന നടപടി പൂർത്തിയാക്കി. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരുമായി ചേർന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. അപകട മേഖല മനസിലാക്കി പ്രവർത്തനം ഏകോപിപ്പിക്കാൻ വാർഡ് തലത്തിൽ ബീറ്റ് ഓഫീസർമാരെയും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്‌സിനെയും സജ്ജമാക്കി. അവശ്യ ഉപകരണങ്ങൾക്കായി ദുരന്ത നിവാരണ സമിതിയെയും തദ്ദേശ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. പഴയ ഉപകരണങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി. രക്ഷാപ്രവർത്തനത്തിൽ സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകളെയും നിർദ്ദേശം നൽകി. ദുരന്ത മേഖലകളിൽ വേഗമെത്താൻ ബാരൽ കൊണ്ട് താത്കാലിക ചങ്ങാടങ്ങൾ നിർമ്മിക്കും. അപകട സാദ്ധ്യതയുള്ള ഇടങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചു. മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റി.
@ഇവയെല്ലാമുണ്ട്
ഒഴുക്കിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനം നടത്താനാവുന്ന ഡിങ്കി, ഔട്ട് ബോഡ് എൻജിൻ, സ്പീഡ് ബോട്ട്, റോപ്പ് ടെക്നിക്സ്, പമ്പുകൾ, റൂട്ട് കാരിയർ (കൂട്ടമായി ആളുകളെ മാറ്റാൻ സാധിക്കുന്ന ലോറി), എമർജെൻസി റസ്‌ക്യൂ വാഹനങ്ങൾ, വലകൾ, കയറുകൾ, മരങ്ങൾ മുറിക്കുന്ന വാളുകൾ, മെഷീൻ വാളുകൾ, സ്‌കൂബ സെറ്റുകൾ.
@ കെട്ടിടമില്ല, ഒപ്പം ആളുകളും
മതിയായ അംഗബലമില്ലാത്തതും ആധുനിക ഉപകരണങ്ങളുമില്ലാത്തതും സേനയെ വലക്കുന്നുണ്ട്. ജീവനക്കാരുടെ കുറവു കാരണം ജില്ലയിലെ ഓരോ യൂണിറ്റിന്റെയും കീഴിൽ രണ്ട് ഷിഫ്റ്റിലായി എട്ടംഗ സംഘമാണ് സുരക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇവർക്ക് എല്ലായിടങ്ങളിലും ഒരു പോലെ ഓടിയെത്താനും കഴിയില്ല. നഗര ഹൃദയത്തിൽ അപകടത്തിൽപെടുന്നവർക്ക് രക്ഷകരായി ആദ്യം ഓടിയെത്തുന്ന ബീച്ച് ഫയർഫോഴ്സ് അസൗകര്യങ്ങളുടെ നടുവിൽ നിന്നാണ് ദുരന്തമുഖങ്ങളെ നേരിടുന്നത്. തകർന്നുവീഴാറായ കെട്ടിടത്തിലാണ് പ്രവർത്തനം. അടിസ്ഥാന സൗകര്യങ്ങളില്ല. ആധുനിക ഉപകരണങ്ങളില്ല. എത്തിയാലും സൂക്ഷിക്കാൻ സംവിധാനമില്ല.
''നിലവിലുള്ള അംഗബലവും സൗകര്യവും ഉപയോഗിച്ചുകൊണ്ട് മൺസൂൺ കാലത്തെ നേരിടാൻ ഫയർ ഫോഴ്സ് സജ്ജമാണ്''
അരുൺ
ബീച്ച് ഫയർ ഓഫീസർ