കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ രണ്ട് കാലിൽ നടന്ന് കോളേജ് ക്യാമ്പസിലേക്ക് കയറില്ലെന്ന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. ഇന്നലെ എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് നടത്തിയ മാർച്ചിനിടെ ഒരു ഏരിയാ നേതാവാണ് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ദിവസം കോളേജിൽ നാലു വർഷ ബിരുദ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രിൻസിപ്പൽ സുനിൽ ഭാസ്കരനെയും സ്റ്റാഫ് സെക്രട്ടറി കെ.പി. രമേശനെയും എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് അഭിനവിനെ പ്രിൻസിപ്പലും സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് മർദ്ദിച്ചുവെന്ന് എസ്.എഫ്.ഐയും പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ എസ്.എഫ്.ഐ മാർച്ച് നടത്തിയത്.
കാൽ നൂറ്റാണ്ടു കാലത്തെ അദ്ധ്യാപന ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ വയ്യെന്നും പ്രിൻസിപ്പൽ സുനിൽ ഭാസ്കർ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മർദ്ദനത്തിൽ കൈകളിലുണ്ടായ നീർക്കെട്ടും വേദനയും മൂലം ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയാണ്. പുറത്ത് നിന്നെത്തിയവരാണ് തന്നെയും, രക്ഷിക്കാൻ ശ്രമിച്ച സ്റ്റാഫ് സെക്രട്ടറി രമേശനെയും മർദ്ദിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.