lit
lit.

 സാഹിത്യ നഗരപദവിയ്ക്കായി സഹകരിച്ചവർക്ക് നന്ദിയറിയിച്ച് കോർപ്പറേഷൻ കൗൺസിൽ

കോഴിക്കോട്: നഗരത്തിന് ലഭിച്ച സാഹിത്യ നഗരപദവി വലിയ ഉത്തരവാദിത്വമാണെന്നും അത് നിലനിറുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുമെന്നും കോർപ്പറേഷൻ കൗൺസിൽ പ്രമേയം. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അവതരിപ്പിച്ച പ്രമേയത്തിൽ സാഹിത്യ നഗരപദവി നേടാൻ സഹായിച്ച മുഴുവൻ പേർക്കും നന്ദി അറിയിച്ചു. കാലിക്കറ്റ് എൻ.ഐ.ടി, കില എന്നിവയ്ക്ക് പ്രത്യേകം നന്ദി അറിയിച്ച പ്രമേയത്തെ മുഴുവൻ കൗൺസിലർമാരും പിന്തുണച്ചു.

സാഹിത്യ നഗരപദവി പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ നേട്ടത്തിന്റെ ശോഭ കെടുത്തിയതായി പ്രതിപക്ഷം ആരോപിച്ചു. യുനെസ്‌കോയുടെ സാഹിത്യനഗരം പദവിയിലുടെ ലോകത്തിനു മുമ്പിൽ കോഴിക്കോട് നഗരത്തിന്റെ യശസ്സുയർന്ന അഭിമാനകരമായ സന്ദർഭമാണിതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചു. അക്ഷരത്തെ സ്‌നേഹിക്കുന്ന, മാനവിക മുഖ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ നഗരത്തിന്റെ നേട്ടത്തിൽ ജനങ്ങളാകെ ആഹ്ളാദിക്കുകയാണ്.

കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യത്തിനും സാംസ്‌കാരികമായ ഉണർവിനും ചരിത്ര പശ്ചാത്തലമുണ്ട്. മതസാഹോദര്യം ഈ പട്ടണത്തിന്റെ മുഖമുദ്രയയാണ്. സാഹിത്യത്തെയും കലയെയും നാടകത്തെയും സിനിമയെയും സംഗീതത്തെയും മാത്രമല്ല, ഫുട്‌ബോളിനെയും അളവറ്റ് സ്‌നേഹിക്കുന്ന നഗരമാണ് കോഴിക്കോട്. പടർന്നുപന്തലിച്ചു നിൽക്കുന്ന ഗ്രന്ഥശാലാ പ്രസ്ഥാനം നഗരത്തിന്റെ എല്ലാ സാംസ്‌കാരികമായ നേട്ടങ്ങൾക്കും അടിത്തറയൊരുക്കി. ഇവിടെ ജനിച്ചവരും ഇവിടെ വന്നുചേർന്നവരുമായ സാഹിത്യകാരന്മാരും കലാകാരന്മാരും നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയി. എം.ടി. വാസുദേവൻ നായരും എസ്‌.കെയും ബഷീറും ഉറൂബും എൻ.പി. മുഹമ്മദും കെ. ടി. മുഹമ്മദും എൻ .എൻ. കക്കാടും പി. വത്സലയും തിക്കോടിയനും പി. എം. താജും യു .എ. ഖാദറും എം. എസ്. ബാബുരാജും കോഴിക്കോട് അബുദുൾഖാദറുമുൾപ്പെടെ ഈ മണ്ണിൽ സാഹിത്യത്തിന്റെയും കലയുടെയും സവിശേഷമായ മുദ്ര പതിപ്പിച്ച നിരവധി മഹാപ്രതിഭകളുണ്ട്. അവരോടെല്ലാം ഈ നാട് കടപ്പെട്ടിരിക്കുന്നു.

സാഹിത്യനഗരം പറവി കൈവരിച്ച നമുക്ക് വലിയ ഉത്തരവാദിത്തങ്ങളാണ് നിർവഹിക്കാനുള്ളത്. യുനെസ്‌കോ തന്നെ ചില ലക്ഷ്യങ്ങൾ മുമ്പോട്ടുവച്ചിട്ടുണ്ട്. നഗരത്തിലെ ലൈബ്രറികളുടെ നവീകരണം, സാഹിത്യ സംവാദങ്ങൾക്കുള്ള ഇടം ഒരുക്കൽ, വായനത്തെരുവ് സൃഷ്ടിക്കൽ, സാഹിത്യ മ്യൂസിയം, സാഹിത്യോത്സവം, പുസ്തകമേളകൾ, കോലായ ചർച്ചകളുടെ പുനരുജ്ജീവനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പ്രമേയത്തിൽ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീൻകോയ, ടി. റനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡോ.എസ്. ജയശ്രീ, പി. ദിവാകരൻ, കെ. കൃഷ്ണകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.