കോഴിക്കോട്: ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും നഗരത്തെ മാലിന്യത്തിൽ മുക്കി ഓടകൾ നിറഞ്ഞൊഴുകുന്നു. മഴക്കാല പൂർവശുചീകരണം നേരാംവണ്ണം നടക്കാത്തതാണ് പ്രശ്നം ഗുരുതരമാകാൻ കാരണമെന്നാണ് ഉയരുന്ന ആരോപണം. മഴവെള്ളം ഒലിച്ചുപോകേണ്ട ഓടകളുടെയും തോടുകളുടെയും അവസ്ഥ പരിതാപകരമാണ്. കോറണേഷന് സമീപത്തെ ഓടയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണ അവശിഷ്ടങ്ങൾ, ശുചിമുറി, അറവുശാല മാലിന്യമുൾപ്പെടെയുണ്ട്. മൂക്കുപൊത്താതെ ഒരു നിമിഷം പോലും പ്രദേശത്ത് തുടരാനാവില്ല. കൊതുകും കൂത്താടിയും നിറഞ്ഞ വെള്ളം രോഗങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യം.
കോട്ടൂളി പെട്രാൾ പമ്പ് പരിസരം, മിഠായിത്തെരുവ്, ബി.കെ കനാൽ പരിസരം , കനോലി പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം സ്ഥിതി വ്യത്യസ്തമല്ല. ചെറിയ മഴയിൽ പോലും പലയിടത്തും ഓടകൾ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. വൃത്തിയാക്കുന്ന ഓടകളിലെ മാലിന്യം വീണ്ടും ഓടകൾക്ക് സമീപം നിക്ഷേപിക്കുന്ന സ്ഥിതിയാണ്. നഗരത്തിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മാനാഞ്ചിറ സ്പോർട്‌സ് കൗൺസിലിനടുത്തുള്ള വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഇന്റർലോക്ക് നീക്കി അടിഞ്ഞുകൂടിയ മണ്ണ് മാറ്റിയെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. ഓവുചാലുകളുടെ അശാസ്ത്രീയ നിർമ്മാണവും വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നുണ്ട്. ലിങ്ക് റോഡ് ഭാഗത്ത് വന്ന പുതിയ ചാൽ നിർമ്മാണത്തോടെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. കൃത്യമായ രീതിയിൽ കണക്ടിവിറ്റി ഇല്ലാതെയാണ് പല ഓവുചാൽ നിർമ്മാണവും നടത്തിയിരിക്കുന്നത്.
@നവീകരണം പാളി
ഓടകൾ, തോടുകൾ, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുന്ന ജോലികളാണ് മഴക്കാല പൂർവ ശുചീകരണത്തിൽ പൂർത്തിയാക്കേണ്ടത്. ശുചീകരണം നടക്കുന്നുണ്ടെന്ന് കോർപ്പറേഷൻ പറയുമ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മഴക്കാല പൂർവ്വ ശുചീകരണ ഫണ്ട് അനുവദിക്കുന്നത് വൈകുന്നതാണ് ശുചീകരണ പ്രവൃത്തി വെെകാൻ കാരണമാകുന്നതെന്നാണ് കൗൺസിലർമാർ പറയുന്നത്. പലപ്പോഴും കൗൺസിലർമാർ കൈയിൽനിന്ന് പണം ചെലവഴിച്ചാണ് ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്. എന്നാൽ പ്രവൃത്തികൾക്ക് ശേഷം ഫണ്ട് ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ നഗരസഭയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. ഫണ്ട് നേരത്ത കിട്ടാത്തതിനാൽ പലപ്പോഴും കൗൺസിലർമാർ കെെയിൽ നിന്നെടുത്താണ് ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്.
കെ.സി.ശോഭിത
യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ
മഴക്കാല പൂർവശുചീകരണം നടക്കുന്നുണ്ട്. ശുചീകരണത്തിനായി ഒരു കോടി 10 ലക്ഷം രൂപ വരെ വകയിരുത്തിയിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ ഹാളിനു മുമ്പിലെ വെള്ളക്കെട്ട് ഉടൻ പരിഹരിക്കും. നിലവിൽ നടപ്പാതയിലെ സ്ലാബ് നീക്കി മണ്ണ് മാറ്റി വൃത്തിയാക്കാത്തത് ഒഴുക്ക് കുറഞ്ഞതുകൊണ്ടാണ്. അതിനാൽ മഴയ്ക്ക് ശേഷം ഓവുചാലിനു മുകളിലെ കെ.എസ്ഇ.ബി പോസ്റ്റ് നീക്കംചെയ്ത് ഓവുചാലിന്റെ വീതിയും ആഴവും കൂട്ടും.
ഡോ. ജയശ്രീ
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ