dffff
ബ്രാഗ മാനിഫെസ്റ്റോയിൽ മേയർ ഡോ.ബീനഫിലിപ്പ് ഒപ്പുവയ്ക്കുന്നു . ബ്രാഗ മേയർ റിക്കാഡോ റിയോ സമീപം

കോഴിക്കോട്: പോർച്ചുഗൽ ബ്രാഗ ആന്വൽ കോൺഫറൻസിന്റെ മൂന്നാം ദിനമായ ഇന്നലെ ക്രിയേറ്റീവ് നഗരങ്ങളുടെ മേയർമാർ പങ്കെടുത്ത് നടന്ന മേയേഴ്സ് ഫോറത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് ബ്രാഗ മാനിഫെസ്റ്റോയിൽ ഒപ്പുവച്ചു. സാംസ്കാരിക നയങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച് 2022 ൽ യുനെസ്കോ ലോക കോൺഫറൻസ് അംഗീകരിച്ച മോണ്ടിയാകൾട്ട് 2022 പ്രഖ്യാപനത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ക്രിയേറ്റീവ് നഗരങ്ങൾക്കായുള്ള ഒരു പ്രവർത്തന പദ്ധതിയാണ് ബ്രാഗ മാനിഫെസ്‌റ്റോ . ആറ് മുൻഗണനാ മേഖലകളിൽ പ്രാദേശികമായി ക്രിയേറ്റീവ് നഗരങ്ങൾ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നു.

മാനിഫെസ്റ്റോ അംഗീകരിക്കുന്നതിനപ്പുറം കാഴ്ചപ്പാടുകളും സ്ട്രാറ്റജികളും കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക പ്ലാറ്റ്ഫോം മേയേഴ്സ് ഫോറം നൽകി . പ്രാദേശിക നയങ്ങളിൽ സംസ്കാരിക പാരമ്പര്യത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിനും സുസ്ഥിര നഗരങ്ങളിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതു തലമുറയെ ശാക്തീകരിച്ച് കൊണ്ട് സർഗത്മകതയിലൂടെയും നൂതന ആശയങ്ങളിലൂടെയും നഗരത്തിന്റെ അതിജീവനം സാദ്ധ്യമാക്കുന്നതിനും മേയേഴ്സ് ഫോറം ഊന്നൽ നൽകി.

 പ്രധാന നിർദ്ദേശങ്ങൾ

1 ) വ്യക്തിപരവും കൂട്ടായതുമായ സാംസ്കാരിക അവകാശങ്ങൾ ശക്തിപ്പെടുത്തുക

2 )സാംസ്കാരിക, സർഗാത്മക മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ അഭിസംബോധന ചെയ്യുക (പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് )

3 )കാലാവസ്ഥാ പ്രവർത്തനത്തിനായി സംസ്കാരിക പൈതൃകത്തെ ഉപയോഗപ്പെടുത്തുക

4) സംസ്‌കാരിക പൈതൃകത്തിന്റെ സാമ്പത്തിക മാനങ്ങൾ ഉപയോഗപ്പെടുത്തുക

5)പ്രതിസന്ധി ഘട്ടങ്ങളിൽ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക

6 ) സംസ്കാരവും വിദ്യാഭ്യാസവും തമ്മിലുള്ള സമന്വയം വർദ്ധിപ്പിക്കുക.