കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നാല് വാർഡുകളിലേക്ക് ഉള്ള ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (വാർഡ് രണ്ട്-പട്ടികജാതി സംവരണം), ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് (മൂന്ന്-വനിത സംവരണം), ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് (17-വനിതാ സംവരണം), കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി (മൂന്ന്-ജനറൽ), എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. മാതൃകാ പെരുമാറ്റച്ചട്ടം കഴിഞ്ഞ ദിവസം നിലവിൽ വന്നു. ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 4,000 രൂപയും മുനിസിപ്പാലിറ്റിയിലേക്ക് 4,000 രൂപയും ജില്ലാ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാൻ 5,000 രൂപയുമാണ് സ്ഥാനാർത്ഥികൾ നിക്ഷേപത്തുകയായി കെട്ടിവയ്ക്കേണ്ടത്.
സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി, ജില്ലാ പഞ്ചായത്ത് വാർഡിൽ 1.50 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും മുനിസിപ്പാലിറ്റി വാർഡിൽ 75,000 രൂപയും ഗ്രാമപഞ്ചായത്ത് വാർഡിൽ 25,000 രൂപയുമാണ്.