കോഴിക്കോട്: കേരളത്തിലെ കോളേജുകളും സ്‌കൂളുകളും എത്രയോ വിദ്യാർത്ഥി സംഘർഷങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. എന്നാൽ ഒരു പ്രിൻസിപ്പലിനെ വിദ്യാർത്ഥി നേതാക്കൾ കരണത്തടിക്കുന്ന സംഭവം ആദ്യമാണ്. കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്‌കരൻ ഇരയായത് നിഷ്ഠൂരമായ ആക്രമണത്തിനാണ്. പ്രിൻസിപ്പലാണ് അക്രമിച്ചതെന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നത്. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിന്റെ കർണപടം തകർന്നെന്നും പരാതിയിൽ പറയുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്‌കരൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
കോളേജ് എപ്പോൾ തുറക്കും ?
കോടതി ഉത്തരവുപ്രകാരം പൊലീസ് സംരക്ഷണമുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസം കോളേജ് അടച്ചിട്ടു. ഇന്നലെ തുറക്കാനായിരുന്നു തീരുമാനം. എസ്.എഫ്.ഐയുടെ സംസ്ഥാന വ്യാപക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ക്ലാസ് ആരംഭിക്കാനായില്ല. ഇന്ന് തുടങ്ങും.
എന്താണ് കോടതിയുടെ നിർദ്ദേശം?
കോടതിയുടെ നിർദ്ദേശം പൊലീസിനാണ്. സമാധാനപരമായി ക്ലാസ് നടത്താനുള്ള സംവിധാനമൊരുക്കണം. പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സംരക്ഷണമൊരുക്കണം. സമാധാനപരമായ പഠനാന്തരീക്ഷം തകർക്കരുത് തുടങ്ങിയവയാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഇതിന്റെയടിസ്ഥാനത്തിലാണ് തലയുയർത്തി ഞാൻ കോളേജിലെത്തിയത്.
കോളേജിലെത്തിയാൽ കാലുകൾ തല്ലിയൊടിക്കുമെന്നാണ് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി?
ഞാൻ കോളേജിലെത്തിയല്ലോ. ഇനി രണ്ടുകാലല്ല തലപോയാലും പ്രശ്‌നമില്ല. ശരിയായ തീരുമാനമാണ് ഞാനെടുത്തതെന്ന് ബോദ്ധ്യമുണ്ട്. ഞാനൊരു പട്ടാളക്കാരനാണ്. 20 വർഷം ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ പ്രൊഫസറായിരുന്നു. വെടിയുണ്ടകളെവരെ അതിജീവിച്ചിട്ടുണ്ട്. പക്ഷേ,വെടികൊണ്ടാലും തീരാത്തത്ര വേദനയാണ് വിദ്യാർത്ഥി നേതാവെന്ന പേരിൽ ഒരു കുട്ടി കരണത്തടിച്ചപ്പോഴുണ്ടായത്. സത്യത്തിൽ ആ കുട്ടി അടിച്ചത് കേരളത്തിലെ അദ്ധ്യാപക സമൂഹത്തിന്റെകൂടി കരണത്താണ്.
കോളേജിൽ സംഘടന സ്വാതന്ത്ര്യത്തിന് വിലക്കുണ്ടോ?
കോളേജിൽ എല്ലാ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. യൂണിയൻ തിരഞ്ഞെടുപ്പും നടത്തുന്നു. എസ്.എഫ്.ഐ ഗുണ്ടായിസം കാണിക്കാൻ വന്നാൽ അനുവദിച്ച് കൊടുക്കാനാവില്ല. സംഘടനാ സ്വാതന്ത്ര്യം എന്നാൽ പ്രിൻസിപ്പലിന്റെ കരണത്തടിക്കലല്ല.
എന്തായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കം?
രാവിലെ ഞാൻ കോളേജിലെത്തുമ്പോൾ വരാന്തയിൽ ഡസ്‌കിട്ട് കുറച്ച് കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോൾ നവാഗതർക്കുള്ള ഹൈൽപ് ഡസ്‌കാണെന്ന് മറുപടി. അനുവാദം വാങ്ങാതെ അത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. അവിടത്തെ കുട്ടികളായിരുന്നു അവരെല്ലാം. പത്തുമിനിട്ട് സമയം അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഞാൻ മിണ്ടാതെ റൂമിലേക്ക് കയറി. പത്തുമിനിട്ട് കഴിയുമ്പോഴേക്കും പുറത്തുനിന്ന് എസ്.എഫ്.ഐ പ്രവർത്തകരെത്തി ആക്രമണം തുടങ്ങി.
ക്യാമ്പസിലുള്ളവരെ പുറത്താക്കിയത് എന്തിനാണ് ?
പുറത്തു നിന്നുള്ളവരാണ് ആക്രമണം നടത്തിയത്. അവരെ വിളിച്ചുവരുത്തിയത് ഇവിടത്തെ പുറത്താക്കപ്പെട്ട കുട്ടികളായിരുന്നു. പ്രിൻസിപ്പലിനെ ആക്രമിക്കാൻ പുറത്ത് നിന്നുള്ളവരെ വിളിച്ചുവരുത്തിയവരെ എന്താണ് ചെയ്യേണ്ടത്.
മാനേജ്‌മെന്റിന്റെ പ്രതികരണം എങ്ങനെ?
മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കുന്ന ഓൺലൈൻ പ്രവേശനോത്സവം നടക്കുന്ന സമയത്താണ് അക്രമസംഭവങ്ങളുണ്ടായത്. എന്തിനാണ് അവർ എസ്.എൻ.ഡി.പി കോളേജിനെ തിരഞ്ഞെടുത്തത്. എന്തിനാണ് മന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പ്രവേശനോത്സവം അലങ്കോലപ്പെടുത്തിയത്. കോളേജ് മാനേജ്‌മെന്റ്,അദ്ധ്യാപകർ,അനദ്ധ്യാപകർ,എസ്.എൻ.ട്രസ്റ്റ് ചെയർമാനും കോളേജ് മാനേജറുമായ വെള്ളാപ്പള്ളി നടേശൻ എന്നിവർ പൂർണ പിന്തുണയുമായി കൂടെയുണ്ട്. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയെ നേരിൽ കണ്ടിരുന്നു. ഒരു പ്രിൻസിപ്പലിന്റെ കരണത്തടിച്ചിട്ട് അയാളോട് വീട്ടിലിരിക്കണമെന്നും അല്ലെങ്കിൽ കാലുവെട്ടുമെന്നും പറഞ്ഞാൽ അതൊന്നും അനുവദിച്ച് കൊടുക്കാനാവില്ല. ധൈര്യമായി കോളേജിൽ പോവൂ, കുട്ടികളുടെ പഠനം മുടക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. കോടതിയിൽ പോകാൻ അഭിഭാഷകനെയടക്കം ഏർപ്പെടുത്തിയതും മാനേജരായ വെള്ളാപ്പള്ളിയാണ്.