ഉപ്പാ 'റ്റാറ്റ" പറഞ്ഞിട്ട് മുപ്പതു വർഷം. ഓർക്കാൻ കഴിയുന്നില്ല. സങ്കടത്തിലും സന്തോഷത്തിലുമെല്ലാം എന്നും എന്റെ റ്റാറ്റ ഉണ്ടായിരുന്നല്ലോ. വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യത്തിന് കഥയുടെ സുൽത്താനാണ്. പിരിഞ്ഞുപോകും വരെ ഞങ്ങൾക്കും വീട്ടിൽ റ്റാറ്റ സുൽത്താനായിരുന്നു. ഉപ്പയെ എപ്പോഴാണ് ഞങ്ങൾ (ഞാനും അനീസും) റ്റാറ്റ എന്ന് വിളിച്ചുതുടങ്ങിയതെന്ന് ഓർമ്മയില്ല. വൈക്കത്തെ തലയോലപ്പറമ്പിൽ നിന്ന് മൂന്നാം വയസിലാണ് ഞാൻ കോഴിക്കോട്ടെത്തുന്നത്. സ്കൂളിലേക്കു പോകുമ്പോൾ റ്റാറ്റ പറഞ്ഞുപറഞ്ഞ് ഉപ്പായുടെ പേര് 'റ്റാറ്റ"യെന്നായിട്ടുണ്ടാവണം. ഞാൻ വിളിച്ചുവിളിച്ച് അനുജനും ആ പേരിലായി ഉപ്പായെ വിളിക്കുന്നത്. പിന്നെപ്പിന്നെ ഉമ്മച്ചിയും (ഫാബി ബഷീർ) അങ്ങനെ വിളിച്ചു. പിന്നെ, കേട്ടവരും കണ്ടവരും ബന്ധുക്കളുമെല്ലാം വിശ്വവിഖ്യാതനായ സാഹിത്യകാരനെ അങ്ങനെ തന്നെ വിളിച്ചു. അദ്ദേഹം തിരുത്തിയതുമില്ല.
ഒരു ബീഡിപ്പുകയിട്ട്, മാങ്കോസ്റ്റിനു കീഴെ ചാരുകസേരയിൽ റ്റാറ്റയങ്ങനെ മലർന്നുകിടന്ന് വായിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നത് ഇന്നലെ കഴിഞ്ഞതുപോലെ. വീട്ടിലെത്തുന്നവരെല്ലാം അദ്ദേഹത്തിന് എന്നും സുഹൃത്തുക്കളും വീട്ടുകാരുമായിരുന്നു. തിക്കോടിയനും എം.ടിയും ഉറൂബും എസ്.കെ.യും എൻ.പിയും കക്കാടും നമ്പൂതിരിയും ദേവൻമാഷും.... തീരില്ല, ആ പട്ടിക. അവരിൽ ജീവിച്ചിരിക്കുന്നവരും ഇപ്പോഴുള്ളവരും അവരുടെ മക്കളും മക്കളുടെ മക്കളുമെല്ലാം ഇപ്പോഴും വരുന്നുണ്ട്. അവരെ സ്വീകരിച്ചിരുത്താൻ ഉമ്മച്ചിയില്ല എന്ന സങ്കടമാണ് എനിക്ക്.
ഉമ്മച്ചിയുള്ളപ്പോൾ ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. എല്ലാവരെയും മക്കളെപ്പോലെയാണ് ഉമ്മച്ചി സ്വീകരിച്ചിരുത്തുക.
റ്റാറ്റയുടെ 'മാന്ത്രികപ്പൂച്ച"യിൽ ഞാനും കഥാപാത്രമായിരുന്നു. ഇന്ന് ഡി.സി ബുക്സിലിരിക്കുമ്പോൾ പലരും വന്ന് 'മാന്ത്രികപ്പൂച്ച"യെ ചോദിക്കുമ്പോൾ നിഗൂഢമായൊരു അനന്ദം എന്നിലേക്കു വരും. 'പോയി വായിക്ക്, നിങ്ങൾ എന്നെക്കുറിച്ച്" എന്ന് ഞാൻ എന്നോടുതന്നെ പറയും. റ്റാറ്റ എഴുതിയതെല്ലാം കുടുംബത്തിന്റെയും കൂട്ടുകാരുടെയും കഥകളായിരുന്നല്ലോ. 1968- ലാണ് 'മാന്ത്രികപ്പൂച്ച" പ്രസിദ്ധീകരിച്ചത്. ബേപ്പൂരിലുള്ള വീട്ടിൽ വച്ചാണ് റ്റാറ്റ അതെഴുതിയത്. വീട്ടിലെത്തിച്ചേർന്ന ഒരു പൂച്ചയെ ചുറ്റിപ്പറ്റിയാണ് കഥ. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസം സംരക്ഷിക്കാൻ നിമിത്തമാവുന്നതാണ് കഥ. അതിലുടനീളം ഞാനുമുണ്ടായിരുന്നു.
ഉമ്മയിൽ നിന്നാണ് റ്റാറ്റയെക്കുറിച്ചുള്ള രസകരമായ പല കഥകളും കേൾക്കുന്നത്. അതിൽ ഏറ്റവും പ്രധാനം അവരുടെ വിവാഹമായിരുന്നു. വൈക്കത്തുകാരനായ ബഷീറിനെ എസ്.കെ അടക്കമുള്ള സുഹൃത്തുക്കൾ 'ന്റുപ്പാപ്പക്കൊരാനണ്ടാർന്നു' എന്ന നോവലിന്റെ നാടകരൂപം എഴുതിക്കാനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. അക്കാലത്തെ കോഴിക്കോട് നാടക സങ്കേതമായിരുന്നല്ലോ. 'ബഷീറിനെ കിട്ടി; പക്ഷെ ഈ പഹയനെ ഇവിടത്തന്നെ നിർത്തിക്കാൻ എന്തുണ്ട് പണി"യെന്നാലോചിച്ചപ്പോഴാണ് പെണ്ണുകെട്ടിക്കാമെന്ന ആശയം എസ്.കെ പൊറ്റക്കാട് അവരുടെ മുന്നിൽ വെച്ചത്. അങ്ങനെയാണ് ബഷീറിന്റെ ജീവിതകഥയിലേക്ക് ഉമ്മച്ചിയുടെ വരവ്.
1958 ഡിസംബർ 19-നായിരുന്നു ആ വിവാഹം. അക്കാലത്തെക്കുറിച്ച് ഉമ്മച്ചി പറയുന്നത് ഇങ്ങനെ: 'ഭർത്താവ് അക്കാലത്തു തന്നെ പേരെടുത്ത വലിയ സാഹിത്യകാരൻ. ചെറുവണ്ണൂരിലെ കോയട്ടി മാഷുടെ മകളായ എനിക്കാണെങ്കിൽ വലിയ ലോകവിവരമൊന്നുമില്ല. സന്താഷവും ഒപ്പം ഒരുപാട് പേടിയും. കല്യാണം കഴിഞ്ഞ് വൈകുന്നേരം വലിയ ആളും ബഹളവുമൊക്കയായാണ് വരന്റെ വീട്ടിൽ ഞങ്ങളെ ത്തിയത്. വീടിന്റെ പേര് 'ചന്ദ്രകാന്തം." എനിക്ക് പെരുത്ത് ഇഷ്ടമായി. നല്ല വീട്. ലോകമറിയുന്ന വലിയ സാഹിത്യകാരന്റെ കോഴിക്കോട്ടെ വീടെന്നേ കരുതിയുള്ളൂ. കല്യാണത്തിന് അക്കാലെത്ത മിക്കവാറും എല്ലാ സാഹിത്യകാരന്മാരും എത്തിയിരുന്നെങ്കിലും എസ്.കെ ഉണ്ടായിരുന്നില്ല. അന്ന് എം.പി ആയിരുന്നതിനാൽ എസ്.കെ ഡൽഹിയിലാണ്.
കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം പുലർച്ചയ്ക്ക് ഒരാൾ വന്ന് കതകിനു മുട്ടുന്നു. തപ്പിപ്പിടിച്ച് വാതിൽ തുറന്നപ്പോൾ പടിവാതിലിൽ ചാരി ഒരാൾ. ബഷീറിനെ കാണണം. ആളെ ഞാനൊന്ന് അടിമുടി നോക്കി; മൂപ്പര് എന്നെയും. മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ റ്റാറ്റ നല്ല ഉറക്കം. . പുലർെച്ച ഉണരുന്ന പതിവൊന്നും ആൾക്കില്ല. ഒരാൾ കാണാൻ വന്നെന്നു പറഞ്ഞേപ്പാൾ അനിഷ്ടത്തോടെയാണ് എഴുന്നേറ്റത്. പുറെത്തത്തിയേപ്പാൾ ആദ്യം പറഞ്ഞ വാചകം ഇപ്പോഴും ഓർക്കുന്നു- 'ഇതു നമ്മളെ വീട്ടുടമസ്ഥനല്ലേ...!" റ്റാറ്റയുടെ വാക്കുകൾകേട്ട് ഞാനൊന്നു ഞെട്ടി. അപ്പോ ഇത് റ്റാറ്റയുടെ വീടല്ലേ? ബഷീറിനെപ്പിടിച്ച് എല്ലാവരും കൂടെ പെണ്ണുകെട്ടിച്ചപ്പോൾ എസ്.കെയാണ് തീരുമാനിച്ചത്, വധൂവരന്മാർ ചന്ദ്രകാന്തത്തിൽ താമസിക്കട്ടെ; താനും ഭാര്യയും തത്കാലം അവളുടെ മാഹിയിലെ വീട്ടിൽ താമസിക്കാമെന്ന്. അങ്ങനെയാണ് ഞങ്ങളുടെ ആദ്യരാത്രിയും ആദ്യകാല ദിനങ്ങളുമെല്ലാം ചന്ദ്രകാന്തത്തിലായത്..."
റാറ്റയ്ക്കും ഉമ്മച്ചിക്കും അത്രമേൽ പ്രിയപ്പെട്ടതായിരുന്ന 'ചന്ത്രകാന്തം" ഇന്നില്ല. ഓർമകളുടെ ഒരു വലിയ കലവറ സമ്മാനിച്ചിട്ടാണ് റ്റാറ്റ പോയത്. ഇപ്പോഴും മലയാളസാഹിത്യം ഏറ്റവും കൂടുതൽ വില്ക്കുന്നതും വായിക്കുന്നതും ബഷീറിനെയാണെന്ന് ജനം പറയുമ്പോഴത്തെ സന്തോഷം ചെറുതല്ല. അങ്ങനെയൊരു പിതാവിന്റെ മകളാകാൻ ഇനിയും എത്ര ജന്മം വേണ്ടിവരും? എന്റെ മുപ്പത്തിനാലാം വയസിലാണ് ഉപ്പ പോവുന്നത്. എന്റെ ഭർത്താവിന്റെ അപ്രതീക്ഷിത മരണം എന്നെയും രണ്ടുമക്കളെയുമെന്ന പോലെ റ്റാറ്റയേയും വല്ലാതെ ഉലച്ചിരുന്നു. ഗൾഫിൽ നിന്നുള്ള മടക്കയാത്രയിൽ മുംബയിൽവച്ചുള്ള അറ്റാക്കായിരുന്നു. ദിവസങ്ങളോളം എന്റെ സങ്കടക്കടലിനൊപ്പം റ്റാറ്റ ചേർന്നിരുന്നു. എല്ലാ ജൂലായ് അഞ്ചിനും മലയാള സാഹിത്യം ഒന്നടങ്കം വൈലാലിലെ വീട്ടിലേക്കു വരുന്നു. ഇന്നും വരും. അവരോടു മിണ്ടുമ്പോൾ റ്റാറ്റ അടുത്തുള്ളൊരു സുഖമാണ്.