fire
കോഴിക്കോട് മുതലക്കുളത്തെ ഡിവൈൻ ഹോട്ടലിലുണ്ടായ തീപിടിത്തം. ഫോട്ടോ രോഹിത്ത് തയ്യിൽ

 ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

 ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ ആറരയോടെ മുതലക്കുളത്ത് പ്രവർത്തിക്കുന്ന മാത്തറ സ്വദേശി ജംഷീറിന്റെ ഉടമസ്ഥതയിലുള്ള ഡിവൈൻ ഹോട്ടലിലാണ് തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ അപകടത്തിന്റെ ആഘാതം കനത്തു. പൊട്ടിത്തെറിയെ തുടർന്ന് എതിർ ദിശയിലുണ്ടായിരുന്ന കെട്ടിടത്തിലെ രണ്ടാംനിലയിലെ കടയുടെ ഗ്ലാസ് തകർന്നു. ഹോട്ടൽ പൂർണമായി കത്തിനശിച്ചു. കടയിലുണ്ടായിരുന്ന ജീവനക്കാരൻ മലപ്പുറം പോരൂർ സ്വദേശി അബ്ദുൽ മുത്തലിബ് കുത്തബ്ദീൻ(43) ആണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ കട തുറന്നതിന് ശേഷം രണ്ട് ജീവനക്കാർ ചെറുകടികൾ ഉണ്ടാക്കുകയായിരുന്നു. പാചകം ചെയ്യാനായി ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. ഗ്യാസിൽ നിന്ന് തീ പടരുന്നത് കണ്ട അതിഥി തൊഴിലാളി സിലിണ്ടർ പുറത്തേക്ക് തട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉഗ്ര ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിയ സിലിണ്ടർ തെറിച്ചുവീണ് റോഡിന് എതിർവശത്തുള്ള പവർ ലാന്റ് ഇലക്ട്രിക്കിന്റെ ഗ്ലാസ് തകർന്നു. 6.47ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കടയിലുണ്ടായിരുന്ന എട്ട് ഗ്യാസ് സിലിണ്ടറുകൾ എടുത്തുമാറ്റി. അതേസമയം സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. പ്ലാസ്റ്റിക് ബാരലിൽ അകപ്പെട്ട മുത്തലിബിനെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു. പുലർച്ചെ ആയതിനാൽ റോഡിൽ ആളുകളും കുറവായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.