കോഴിക്കോട്: സെൽഫിയെടുത്തും സന്തോഷം പങ്കിട്ടും സംഘാടകനായും വിദ്യാർത്ഥികളിലൊരാളായി മന്ത്രി സുരേഷ് ഗോപി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ സംഘടിപ്പിച്ച സ്വച്ഛതാ പക്വട ക്യാമ്പയിനിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്ര പെട്രോളിയം- ടൂറിസം സഹമന്ത്രി സുരേഷ്ഗോപി. സഹമന്ത്രിയായ ശേഷം രണ്ടാം തവണ കോഴിക്കോടെത്തിയ സുരേഷ് ഗോപിയെ നിറഞ്ഞ കെെയടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം രണ്ട് മണിക്കൂറോളം ചെലവിട്ടു. ചടങ്ങിന് മുന്നോടിയായി വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം സുരേഷ്ഗോപിയുടെ മനം കവർന്നു. ശേഷം പരിപാടിക്കൊരുക്കിയ ഇരിപ്പിടത്തിൽ സുരേഷ് ഗോപി തന്നെ ഇടപെട്ട് ചില മാറ്റങ്ങൾ വരുത്തി. നടുവേദനയായതിനാൽ സംഘാടകരൊരുക്കിയ ഇരിപ്പിടത്തിൽ ഇരിക്കാതെ സാധാരണ കസേരയിൽ ഇരിക്കുകയായിരുന്നു. എല്ലാവരും സംസാരിച്ച ശേഷം സംസാരിക്കാൻ എഴുന്നേറ്റ സുരേഷ് ഗോപിയെ കുട്ടികൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. മന്ത്രിയായിട്ടല്ല അവർ സ്വീകരിച്ചത് സിനിമാ താരമായിട്ടായിരുന്നു. തുടർന്ന് കുട്ടികളുമായി സംസാരിക്കുകയും അവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ നൽകിയ സമ്മാനങ്ങൾ വാങ്ങി അവരെ ചേർത്തു പിടിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി വൃക്ഷത്തെ നട്ടും സ്റ്രേജിൽ ആദരിച്ചവർ, അദ്ധ്യാപകർ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും സെൽഫിയുമെടുത്താണ് വേദി വിട്ടത്.
അതിരാവിലെ ജില്ലയിലെത്തിയ സുരേഷ് ഗോപി ദശാവതാരക്ഷേത്ര ദർശനം നടത്തി. പിന്നീട് എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വസതിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.
കോഴിക്കോട് ബീച്ച് ശുചീകരിക്കാനെത്തും
കോഴിക്കോട്: കോഴിക്കോട് ബീച്ച് ശുചിയാക്കാൻ താൻ നേതൃത്വം നൽകുമെന്നും വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ പക്വട ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണത്തിന് മുമ്പ് ഒരു ദിവസം അതിരാവിലെ ബീച്ചിൽ എത്തും.
ജില്ലയിലെ പല ഭാഗത്ത് നിന്നുള്ള 50 ലധികം വിദ്യാർത്ഥികൾ ഗ്രൂപ്പായെത്തി ബീച്ച് വൃത്തിയാക്കണം. അദ്ധ്യാപകർ ഇതുമായി ബന്ധപ്പെട്ട സന്ദേശം എല്ലാ സ്കൂളിലും നൽകണം. മുഴപ്പിലങ്ങാട് ബീച്ചിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. സ്വച്ഛതാ മിഷന്റെ ഭാഗമായി രാജ്യം വൃത്തിയുള്ളതും മലിനീകരണം കുറഞ്ഞതുമാക്കി മാറ്റുന്നതിന് എണ്ണക്കമ്പനികൾ വിവിധ നടപടികൾ കൈക്കൊണ്ടു വരുകയാണ്.
എം.കെ.രാഘവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. സ്കൂൾ പ്രിൻസിപ്പൽ ഫാദർ മാത്യു കളപ്പുരയിൽ, ബി.പി.സി.എൽ കേരള റീട്ടെയിൽ ഹെഡ് കെ.വി രമേഷ്കുമാർ, ജനറൽ മാനേജർ രാജൻ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ സ്വച്ഛതാ പക്വട പ്രതിജ്ഞയെടുത്തു.