കോഴിക്കോട്: നഗരങ്ങളിലും പരിസരങ്ങളിലും പച്ചപ്പ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ 7.9 കോടിയിലേറെ രൂപ ചെലവിൽ ചാലിയത്ത് നടപ്പിലാക്കുന്ന നഗരവനം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഹോർത്തൂസ് മലബാറിക്കസ് ഉദ്യാനം, തടി ഡിപ്പോ ഓഫീസ്, പുതുതായി നിർമിച്ച ടിക്കറ്റ് കൗണ്ടർ, പ്രവേശന കവാടം, മോഡേൺ ടിമ്പർ സ്റ്റോക്ക് യാർഡ്, കാവ്, ഇക്കോ സ്റ്റഡി സെന്റർ എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു. ചാലിയം നഗരവനം പദ്ധതിയിൽ ഉൾപ്പെടുന്ന ഗിഫ്റ്റ് ഷോപ്പ്, ഇന്റർപ്രെട്ടേഷൻ സെന്റർ, വാക്ക് വേ എന്നിവയുടെ നിർമാണം, 400 മീറ്റർ ചെയിൻ ലിങ്ക് ഫെൻസിംഗ്, 3.5 ഹെക്ടർ സ്ഥലത്ത് ചെടികൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികളും പുരോഗമിച്ചുവരികയാണ്. മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ശലഭോദ്യാനം, നഗർവാടിക എന്നിവയും ഗുരുവായൂരപ്പൻ കോളേജിൽ ശലഭോദ്യാനം, നക്ഷത്രവനം, നഗരവനം എന്നിവയും ഒരുക്കും. വരും വർഷങ്ങളിൽ ജില്ലയിലെ ഫാറൂഖ് കോളേജ്, ചേളന്നൂർ എസ്എൻജി കോളേജ് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.