@ വനസംരക്ഷണം; മികച്ച വിദ്യാലയങ്ങൾക്ക് അവാർഡ് നൽകും
കോഴിക്കോട്: വന്യജീവി ആക്രമണങ്ങളുടെ പേരിൽ മലയോരത്തെ കലാപ ഭൂമിയാക്കാതെ സമവായത്തിലൂടെ പരിഹരിക്കണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. അതിനുള്ള പ്രവർത്തനങ്ങൾക്കാണ് വനം വകുപ്പ് നേതൃത്വം നൽകുന്നതെന്നും വനമഹോത്സവത്തിന്റെ സംസ്ഥാനതല സമാപനവും പൂർത്തീകരിച്ച ചാലിയം നഗരവനം പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ച് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 1972 ലുണ്ടാക്കിയ വനസംരക്ഷണ നിയമത്തിൽ കാതലായ മാറ്റം വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ശ്ലാഘനീയമായ ഇടപെടലുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. വനം വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. കോളേജുകളിലെയും ഹൈസ്‌കൂളുകളിലെയും സോഷ്യൽ ഫോറസ്ട്രി ക്ലബുകൾ തമ്മിൽ മത്സരം വേണമെന്നും ഒരോ വർഷത്തെയും പ്രവർത്തനം വിലയിരുത്തി ഏറ്റവും മികച്ച സ്‌കൂളിനും കോളേജിനും അവാർഡ് നൽകുമെന്നും മന്ത്രി അറിയിച്ചു. നഗരവനം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടൽ, അങ്ങാടി കുരുവികളെ സംരക്ഷിക്കാനായി കുരുവിക്കൊരു കൂട് സ്ഥാപിക്കൽ, വനമിത്ര പുരസ്‌കാര വിതരണം, വിദ്യാവനങ്ങൾക്കുള്ള പുരസ്‌കാര വിതരണം എന്നിവയും വനം വകുപ്പ് അസി.കൺസർവേറ്റർ ജോഷിൽ എം രചിച്ച 'ആറ്, പുഴ, നദി' നോവലിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ചാലിയം ഗ്രിഫി ഓഡിറ്റോറിയം, ചാലിയം ഡിപ്പോ പരിസരം എന്നിവിടങ്ങളിലായി നടന്ന ചടങ്ങുകളിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ശൈലജ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ്, ഫോറസ്റ്റ് ഫോഴ്സ് തലവൻ ഗംഗാ സിംഗ്, നോർത്ത് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ. എസ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ. ജസ്റ്റിൻ മോഹൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു.ആഷിഖ് അലി തുടങ്ങിയവർ പ്രസംഗിച്ചു.