tour
ടൂറിസം

കോഴിക്കോട്: കനത്ത ചൂടും ശക്തമായ മഴയും യാത്രാ നിയന്ത്രണങ്ങളും ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം. സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളൊരിക്കിയിട്ടും ആളുകൾ പിന്തിരിഞ്ഞു. കഴിഞ്ഞ ജൂണിൽ 1,04531 പേർ എത്തിയിരുന്നിടത്ത് ഇത്തവണ 60,547 പേർ മാത്രമാണ് ടൂറിസം കേന്ദ്രങ്ങളിലെത്തിയത്. മഴയും പച്ചപ്പും ആസ്വദിക്കാൻ ജൂൺ മുതൽ സെപ്തംബർ വരെ നീളുന്ന മൺസൂൺ കാലത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിൽ ദിവസവും എത്താറുള്ളത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ വിദേശികൾ കൂടുതൽ എത്തുന്നതും ഈ സീസണിൽ തന്നെ. എന്നാൽ തീവ്രമഴയും കടലേറ്റവും കാരണം ബീച്ചുകളിലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചലും മുൻകൂട്ടികണ്ട് മലയോര പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സഞ്ചാരികൾ ജില്ലയോട് സലാം പറഞ്ഞു. ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള അരിപ്പാറ, കാപ്പാട്, സരോവരം ബയോപാർക്ക്, വടകര സാന്റ് ബാങ്ക്സ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള തുഷാരഗിരി, കക്കയം, കരിയാത്തും പാറ, മലബാർ വെെൽഡ് ലെെഫ് സൻച്വറി, ഉരക്കുഴി വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളിലെല്ലാം ആളുകൾ നന്നേ കുറഞ്ഞു. അരിപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിയത് 4410 പേരാണ്. 15500 പേർ കാപ്പാടും, 25500 പേർ സരോവരത്തും, 15137 പേർ വടകര സാന്റ്ബാങ്ക്സിലുമെത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 4,68,013 പേരാണ് വിവിധ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം 6,74,237 പേർ എത്തിയിരുന്നു.

@ വേനലവധിയും കനിഞ്ഞില്ല

കടുത്ത ചൂടും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വേനലവധിക്കാലത്തും തിരിച്ചടിയായി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ 2,18,201 പേരാണ് എത്തിയത്. കഴിഞ്ഞ വർഷം 3,48912 പേർ എത്തിയിരുന്നു. അരിപ്പാറ 12,848, കാപ്പാട് 63,404, സരോവരം 84,660 , വടകര സാന്റ് ബാങ്ക്സ് 57287 എന്നിങ്ങനെയാണ് വേനൽകാലത്ത് എത്തിയവർ.

@2024

മാസം -സഞ്ചാരികൾ

ജനുവരി- 122747

ഫെബ്രുവരി- 66518

മാർച്ച്- 53408

ഏപ്രിൽ-87328

മേയ്-77465

ജൂൺ- 60547

@2023

ജനുവരി-118455

ഫെബ്രുവരി- 102339

മാർച്ച്- 103300

ഏപ്രിൽ-119250

മേയ്-126362

ജൂൺ- 104531