1
തിരുവമ്പാടി ടൗണിൽ കെ.എസ്.ഇ.ബി ജീവനക്കാർ നടത്തിയ പ്രതിഷേധ മാർച്ചും വിശദീകരണയോഗവും

കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് അക്രമിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെ കെെയേറ്റം ചെയ്യുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തുവെന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹദ് എന്നിവർക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെയാണ് പ്രതിഷേധമാർച്ചുമായി ജീവനക്കാരുടെ സംയുക്ത സമരസമിതി രംഗത്തെത്തിയത്. തിരുവമ്പാടി ടൗണിൽ നടന്ന പ്രതിഷേധ യോഗം കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി. ഐ.ടി.യു ) സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. എം.എം.അബ്ദുൽ അക്ബർ, കെ. മനോജ്‌, സുധീർ കുമാർ , എ. രമേശൻ, ഇ. മനോജ്‌, മുകേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിൽ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് തിരുവമ്പാടി റസാക്കിന്റെ വീട്ടിലെ വിച്ഛേദിച്ച വെെദ്യുതി കെ.എസ്.ഇ.ബി പുനസ്ഥാപിച്ചത്. മക്കളായ അജ്മലും ഫഹദും കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു വെെദ്യുതി വിച്ഛേദിച്ചത്. നടപടി വൻ പ്രതിഷേധത്തിനിടയാക്കിയതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്.