meyor
കോഴിക്കോടിന് ലഭിച്ച യുനെസ്‌കോ സാഹിത്യ നഗര പദവി സ്വീകരിച്ച് പോർച്ചുഗലിലെ ബ്രാഗയിൽ നിന്ന് തിരിച്ചെത്തിയ മേയർ ഡോ. ബീനാ ഫിലിപ്പിന് കോഴിക്കോട് ടൗൺ ഹാളിൽ നൽകിയ സ്വീകരണം.

കോഴിക്കോട് : ഡാൻസും പാട്ടുംകൊണ്ട് മനസിനെ സാംസ്‌കാരിക സമ്പന്നമാക്കിയ കലാപരിപാടികൾ ഇല്ലാതായികൊണ്ടിരിക്കുകയാണെന്നും ഇത്തരം ‘കോലായ കൾച്ചർ ‘കോർപ്പറേഷൻ തിരിച്ചു പിടിക്കുമെന്നും മേയർ ഡോ. ബീന ഫിലിപ്പ്. യുനെസ്കോയുടെ സാഹിത്യനഗര പദവി പുരസ്കാരം നേടി പോർച്ചുഗലിലെ ബ്രാഗയിൽ നിന്ന് തിരിച്ചെത്തിയ മേയർക്കും സെക്രട്ടറി കെ. യു.ബിനിക്കും കോഴിക്കോട് പൗരാവലി നൽകിയ ‘ഹൃദയപൂർവം കോഴിക്കോട്’ ആദരിക്കൽ ചടങ്ങിൽ പോർച്ചുഗലിലെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു മേയർ. പോർച്ചുഗീസുകാർ വളരെ സന്തോഷവാൻമാരാണ്. അവർ പാടിയും ആടിയും ജീവിതം ആഘോഷമാക്കുന്നു. അവിടെയുള്ള പല കാര്യങ്ങളും നമ്മൾ നേരത്തെ നടപ്പാക്കിയതാണ്. മുമ്പേ പറക്കുന്ന പക്ഷിയാണ് കേരളമെന്നതിൽ അഭിമാനം തോന്നിയെന്നും മേയർ വ്യക്തമാക്കി. അവിടെയുള്ളത് പോലെ ഒരുപാട് സ്ഥലങ്ങൾ നമുക്ക് ഇല്ലാത്തത് നമ്മുടെ കുറവായി മേയർ ചൂണ്ടിക്കാട്ടി. കോഴിക്കോടിനെപോലെ സാഹിത്യത്തിനും കലയ്ക്കും വായനയ്ക്കുമെല്ലാം തുല്യ പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ അപൂർവമാണെന്ന് മേയർ പറഞ്ഞു. ഡോ. ഖദീജ മുംതാസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി .മുസാഫിർ അഹമ്മദ്, സുഭാഷ് ചന്ദ്രൻ, പി .കെ .ഗോപി, കെ.പി .രാമനുണ്ണി, പ്രൊഫ. കെ .ശ്രീധരൻ, ആർട്ടിസ്റ്റ് മദനൻ, പുരുഷൻ കടലുണ്ടി, യു.കെ. കുമാരൻ, വിൽസൺ സാമുവൽ, കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.സി .ശോഭിത തുടങ്ങിയവർ പ്രസംഗിച്ചു. എ .പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ഇദ്രിസ് മാമ്പിയും സലിം ഐവയും നയിച്ച കാലിക്കറ്റ് ഖരാന ഗസലും അരങ്ങേറി.