road

സംസ്ഥാനത്ത് ദേശീയപാത നിർമ്മാണം ഇഴയുമ്പോൾ ജനങ്ങളുടെ ദുരിതത്തിനും അറുതിയില്ല. കോഴിക്കോട് ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വെങ്ങളം രാമനാട്ടുകര ആറുവരിപാത നിർമ്മാണം ജനങ്ങൾക്ക് ദുരിതയാത്രയാണ് സമ്മാനിക്കുന്നത്. രാ​വി​ലെ തു​ട​ങ്ങു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും ഓ​ഫീസ് ജീ​വ​ന​ക്കാ​രും ഉൾപ്പെടെ വലയുകയാണ്. 2021 ഓഗസ്റ്റിൽ നിർമ്മാണം ആരംഭിച്ച ദേശീയപാതയുടെ പ്രവൃത്തി 2024ടെ പൂർത്തീകരിക്കുമെന്ന് സർക്കാർ പറയുമ്പോഴും നിർമ്മാണത്തിലെ ഇഴച്ചിൽ മൂലം കൃത്യസമയത്ത് നിർമ്മാണം പൂർത്തിയാകുമോ എന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്. ചെറിയ ദൂരങ്ങൾ താണ്ടാൻ പോലും റോഡിൽ മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ജില്ലയിൽ ദേശീയപാത നിർമ്മാണം നടക്കുന്ന ഇടങ്ങളിലെല്ലാം അപകടങ്ങളും നിത്യസംഭവങ്ങളാണ്. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​വു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവിൽ നിർമ്മാണം നടക്കുന്ന മേഖലകൾ മറികടക്കാ​ൻ ഇരുചക്ര വാഹനയാ​ത്രികർ ഉൾപ്പെടെ ജീവൻ പണയം വെച്ച് സഞ്ചരിക്കേണ്ട അ​വ​സ്ഥ​യാ​ണ്.

ദുരിതം കൂട്ടി കാലവർഷം

കാലവർഷം കൂടി എത്തിയപ്പോൾ ദുരിതവും ഇരട്ടിച്ചു. മ​ഴ പെ​യ്തി​റ​ങ്ങു​ന്ന വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​ൻ പലയിടങ്ങളിലും കൃത്യമായ സം​വി​ധാ​ന​മി​ല്ല. റോ​ഡു​ക​ൾ പാ​ടെ ത​ക​ർ​ന്ന​തിനാൽ വ​ശ​ങ്ങ​ളി​ൽ ​നി​ന്ന് റോ​ഡി​ലേ​ക്ക് മ​ണ്ണും ക​ല്ലും ഇ​ടി​ഞ്ഞു​താ​ഴു​ന്ന​തും ഗ​താ​ഗ​ത​ത്തി​ന് ത​ടസം സൃഷ്ടിക്കുന്നുണ്ട്. പലയിടങ്ങളിലും റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ആഴമേറിയ കുഴികളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ചിലയിടത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ഒച്ചിഴയും വേഗതയാണ്. ആ​റു​വ​രിപാ​ത കു​റു​കെ ക​ട​ന്ന് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​വു​ന്ന കൊ​യി​ലാ​ണ്ടി-​അ​രി​ക്കു​ളം, കൊ​ല്ലം-​നെ​ല്ലി​യാ​ടി​ക്ക​ട​വ് ഭാ​ഗ​ത്തെ അ​ടി​പ്പാ​ത​യി​ലും മാളിക്കടവ് ഭാഗത്തും വെ​ള്ളം ക​യ​റി​നി​ൽ​ക്കു​ന്ന​തും യാ​ത്രാ​ പ്രതിസന്ധിയും സൃ​ഷ്ടി​ക്കു​ന്നുണ്ട്. 2018ൽ കരാർ നൽകിയ പദ്ധതി 2020 ൽ പൂർത്തിയാകേണ്ടതായിരുന്നു. പല കാരണങ്ങളാൽ 2021 ഓഗസ്റ്റിലാണു നിർമ്മാണം ആരംഭിച്ചത്. കെ.എം.സി കൺസ്ട്രക്‌ഷൻ ആണ് കരാർ ഏറ്റെടുത്ത കമ്പനി. ജില്ലയിൽ ദേശീയപാതാ വികസനം രണ്ടുറീച്ചുകളിലായി അഴിയൂർ മുതൽ വെങ്ങളംവരെയുള്ള 40 കിലോമീറ്ററും വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്ററുമാണുള്ളത്. അഴിയൂരിന്റെയും വെങ്ങളത്തിന്റെയും ഇടയിലുള്ള പാലോളിപ്പാലം മുതൽ മൂരാടുപാലം വരെയുള്ള 2.2 കിലോമീറ്റർ ദൂരത്തിന്റെ പ്രവൃത്തി നേരത്തേ തുടങ്ങിയതിനാൽ ഒരു റീച്ചായി മാറ്റിയിട്ടുണ്ട്.

ദുരിതം നീങ്ങാതെ വേങ്ങേരി ജംഗ്ഷൻ

വേങ്ങേരി ജംഗ്ഷനിലെ ഓവർപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ട് 16 മാസങ്ങളിലധികമായി. ഇനിയും പ്രവൃത്തി പാതി വഴിയിലാണ്. കോഴിക്കോട് ഭാഗത്ത് നിന്ന് ഗ്രാമപ്രദേശമായ ബാലുശ്ശേരി, കക്കോടി ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ വേങ്ങേരി ജംഗ്ഷൻ കടന്നു വേണം പോകാൻ. എന്നാൽ ദേ​ശീ​യ​പാത കടന്നു പോകുന്ന ഇവിടെ ഓവർപാസ് നിർമ്മാണത്തിനായി റോഡ് നടുവെ മുറിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിനായി ജംഗ്ഷനിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി. ഇതോടെ ബാലുശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ അടക്കം തൊട്ടടുത്ത മാളിക്കടവു വഴിയുള്ള ചെറിയ റോഡുകളിലൂടെയാണ് കടന്നുപോകുന്നത്. വലിയ വാഹനങ്ങൾ ചെറിയ റോഡിലൂടെ കടന്നു പോകുന്നത് ഗതാഗതക്കുരുക്കിനും റോഡ് പൊട്ടിപ്പൊളിയാനും കാരണമാകുകയാണ്. ഇതോടെ യാത്രക്കായി അധിക സമയവും വേണ്ടി വരുന്നുണ്ട്. ബൈപ്പാസിൽ അപകടമുണ്ടായാൽ സഹായത്തിന് ആളുകൾക്ക് എത്തിപ്പെടാനും സാധിക്കുന്നില്ല. നാലു കിലോമീറ്ററോളം ചുറ്റിയിട്ടാണ് ബൈപ്പാസിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​നും വി​ദ്യാ​ർ​ത്ഥിക​ളെ സ്കൂ​ളി​ല​യ​ക്കാ​നും ര​ക്ഷി​താ​ക്ക​ൾ ഏ​റെ പ്ര​യാ​സ​ പ്പെടുകയാണ്. ബസുകൾ ഗതാഗത നിയന്ത്രണത്താൽ ചെറിയ റോഡുകളിലൂടെയും മറ്റും തിരിച്ചുവിട്ടാണ് ഇപ്പോൾ യാത്ര. ഇത് ദൂരക്കൂടുതലായതിനാൽ ഇന്ധനച്ചെലവും കൂടുതലാണ്. യാത്രാ ദുരിതം കണക്കിലെടുത്ത് സ്വകാര്യ ബസുകളും സർവീസ് നിറുത്താനൊരുങ്ങിയതാണ്. നിലവിൽ ഓ​വ​ർ പാ​സി​ന്റെ 15 മീ​റ്റ​ർ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടുണ്ടെന്നും ഓഗസ്റ്റ് മുതൽ താത്‌കാലികമായി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് പറയുമ്പോൾ ആശ്വാസത്തിലാണ് ജനങ്ങൾ.

കൃത്യമായ മുന്നറിയിപ്പുകളില്ല

മ​ഴ​ക്കാ​ല​ത്തെ മു​ന്നി​ൽ​ക്ക​ണ്ട് ഒ​രാ​സൂ​ത്ര​ണ​വും കോ​ൺ​ട്രാക്റ്റ് ഏ​റ്റെ​ടു​ത്ത ക​മ്പ​നി ചെ​യ്തി​ല്ലെ​ന്നും എ​ൻ.​എ​ച്ച് അ​തോ​റി​റ്റി ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ന്നുമാണ് നാട്ടുകാർ പരാതിപ്പെടുന്നത്. നി​ർമ്മാ​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന്റെ ദി​ശ ഇ​ട​ക്കി​ടെ മാ​റ്റു​മ്പോ​ൾ കൃ​ത്യ​മാ​യ സി​ഗ്ന​ൽ ലൈ​റ്റു​ക​ളോ, ജീ​വ​ന​ക്കാ​രെ​യോ അ​പ​ക​ട​സൂ​ച​ന അ​റി​യി​ക്കാ​ൻ നി​യോ​ഗി​ക്കു​ന്നി​ല്ല. ഇതോടെ അപകടങ്ങളും പതിവാണ്. ബ​സ് ഉൾപ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാൻ പായുമ്പോൾ അ​പ​ക​ട​മുണ്ടാക്കുന്നതും പ​തി​വാ​ണ്.

നിറയെ കുഴികൾ

ജനങ്ങളുടെ റോഡിലെ ദുരിതം സഭയിൽ വാക്പോരിന് ആയുധമായെങ്കിലും ദുരിതത്തിന് എന്ന് അറുതിമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ദേ​ശീ​യ​പാ​ത നിർമ്മാണം റോഡിലുണ്ടാക്കിയ കുഴികളുടെ എണ്ണവും ചെറുതല്ല. വെങ്ങളം ജംഗ്ഷനിൽ സർവീസ് റോഡ് തകർന്ന് ചെറുതും വലുതുമായ 19 കുഴികളാണുള്ളത്. ചെങ്ങോട്ടുകാവിൽ റോഡിൽ വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. പഴയ റെയിൽവേ ഗേറ്റിന് സമീപം മുതൽ നന്ദി ബസാർ വരെ ദേശീയ പാത നിർമ്മാണം ആരംഭിച്ചെങ്കിലും 15 ശതമാനം പോലും പൂർത്തിയായിട്ടില്ല. പയ്യോളി ബസ് സ്റ്റാൻഡിന് മുൻവശത്ത് 200 മീറ്ററിലേറെ റോഡും തകർന്നിരിക്കുകയാണ്. വികസനത്തിന് തങ്ങൾ എതിരല്ലെന്നും ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പ്രവൃത്തി എത്രയും പെട്ടന്ന് തന്നെ പൂർത്തിയാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.