cpm-central-committe

കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ സെക്രട്ടേറിയറ്റ്.

ആരോപണ വിധേയനായ ടൗൺ ഏരായാകമ്മറ്റി അംഗത്തിൽ നിന്ന് വിശദീകരണം ചോദിക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാനുമാണ് നിലവിലെ തീരുമാനം. അതേസമയം, ഏതെങ്കിലും പദവി ആവശ്യപ്പെടുകയോ, പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്നലെ വനിതാ ഡോക്ടറും ഭർത്താവും സ്പെഷ്യൽ ബ്രാഞ്ചിന് മൊഴിനൽകിയതായും അറിയുന്നു. വിവാദമുണ്ടായതോടെ പണം മടക്കിനൽകിയെന്നാണ് അഭ്യൂഹം.

സാങ്കേതികമായി പ്രശ്നം ഇങ്ങനെ അവസാനിക്കുമെങ്കിലും പൊതുസമൂഹത്തിൽ പാർട്ടിക്കുണ്ടായ മാനക്കേടിൽ നിന്ന് കരകയറാൻ നടപടികൾ കൂടിയേ തീരൂ എന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിനാൽ കർശന നടപടി വേണമെന്ന നിലപാടിലാണ് മന്ത്രി മുഹമ്മദ് റിയാസും.

വിഷയം ഗൗരവമാണെന്നും ജില്ലാതലത്തിൽ ഒതുക്കരുതെന്നും സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങാൻ ജില്ലാ നേതൃത്വം തയ്യാറായത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ പാർട്ടിക്കും സർക്കാരിനും മാനഹാനിയുണ്ടാക്കുന്ന കേസിൽ ഒരുവിധത്തിലും സമവായം പാടില്ലെന്നും ജനങ്ങളിൽ വിശ്വാസമാർജിക്കണമെങ്കിൽ തള്ളേണ്ടവരെ തള്ളി മുന്നോട്ട് പോകണമെന്നും നിർദ്ദേശമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ മൂന്ന് സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങിയ കമ്മിഷനും അന്വേഷിക്കുന്നുണ്ട്. കമ്മിഷൻ റിപ്പോർട്ടിന് മുമ്പേ ഏരിയാ കമ്മിറ്റി അംഗത്തിൽ നിന്ന് വിശദീകരണം തേടും. രണ്ടു റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാവും നടപടി.

എല്ലാം മാദ്ധ്യമസൃഷ്ടി:

പി.മോഹനൻ

കോഴിക്കോട്ടെ പാർട്ടിക്കുള്ളിൽ ഒരു കോഴ ആരോപണവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാം മാദ്ധ്യമങ്ങളുണ്ടാക്കുന്ന കോലാഹലങ്ങൾ മാത്രമാണ്. ഒരുപരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല. പണം നഷ്ടപ്പെട്ടന്ന് പറയുന്നവരുടെ പരാതിയില്ല. വാങ്ങിയെന്നാരോപിക്കുന്നവരും രംഗത്തില്ല. പാർട്ടിക്ക് ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് അറിയുകയുമില്ല. മന്ത്രി മുഹമ്മദ് റിയാസിനെയും അതുവഴി പാർട്ടിയേയും സർക്കാരിനെയും ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.