കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കീഴ്‌ക്കോടതി നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ഒന്നും രണ്ടും പ്രതികളായ ഡോ. സി.കെ. രമേശൻ, ഡോ.എം. ഷഹന എന്നിവരുടെ റിട്ട് ഹർജിയിലാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ കേസ് നടപടികൾക്ക് സ്റ്റേ അനുവദിച്ചത്.
ഇന്നായിരുന്നു കുന്ദമംഗലം കോടതി ഹർഷീനയുടെ കേസ് പരിഗണിക്കേണ്ടിയിരുന്നത്. സ്റ്റേ നീക്കാനായി ഹർഷീനയും സമരസമിതിയും ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇന്ന് പരിഗണിക്കും. 2017ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കുറ്റപത്രം. ശസ്ത്രക്രിയയിൽ പങ്കാളികളായ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ അസി.പ്രൊഫസറായ ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലപ്പുറം ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിലെ നഴ്‌സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ.