കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരത്തിന് പിന്നാലെ ഭീതി പരത്തി ജില്ലയിൽ വെസ്റ്റ് നെെൽ പനിയും. കഴിഞ്ഞ ദിവസം കണ്ണാടിക്കൽ സ്വദേശിയായ 52കാരൻ മരിച്ചതോടെ ജില്ലയിൽ വെസ്റ്റ് നെെൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 13 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. 3 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. നല്ലളം, ബേപ്പൂർ, ഒളവണ്ണ എന്നിവിടങ്ങളിലാണ് വെസ്റ്റ്നെെൽ സ്ഥിരീകരിച്ചത്. ഇതോടെ കൊതുകു നിവാരണവും ഉറവിട നശീകരണവും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. കൊതുക് പെറ്റുപെരുകി രോഗപ്പകർച്ച ഭീതി സൃഷ്ടിക്കുന്ന ഉറവിടങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ കൂടുതലും മുതിർന്നവരിലാണ് കാണുന്നത്. അസുഖത്തിന് നിലവിൽ വാക്സീനില്ല. വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാൽ 3 ദിവസം മുതൽ 2 ആഴ്ച്ചയ്ക്കകം രോഗം വരും.
@ ലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ. (
രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും ലക്ഷണങ്ങൾ പ്രകടമായി കാണാറില്ല. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും മരണം വരെയും സംഭവിക്കാം).
@ പ്രതിരോധവും ചികിത്സയും
#കൊതുകുകടി ഏൽക്കാതിരിക്കുക
#ശരീരം മൂടുന്ന വിധം വസ്ത്രം ധരിക്കുക,
# കൊതുകിന്റെ ഉറവിടം നശിപ്പിക്കുക
#പരിസരം വൃത്തിയായി സൂക്ഷിക്കുക.
#രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.
# സ്വയം ചികിത്സ ഒഴിവാക്കുക.
@ഡെങ്കി മുതൽ മലേറിയ വരെ
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച്.വൺ.എൻ.വൺ, ചിക്കൻ പോക്സ്, മലേറിയ എന്നിവയും പടർന്ന് പിടിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 300 ഓളം പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 2 പേർ മരിച്ചു. 6 മഞ്ഞപ്പിത്ത മരണവും 4 എലിപ്പനി മരണവും റിപ്പോർട്ട് ചെയ്തു. ആയഞ്ചേരിയിലും ചാലപ്പുറത്തുമുള്ളവർക്കാണ് മലേറിയ സ്ഥിരീകരിച്ചത്.
പനി- 8158
ഡെങ്കിപ്പനി- 41
എലിപ്പനി- 5 പേർക്ക്
ചിക്കൻ പോക്സ്-33
മഞ്ഞപ്പിത്തം-52
എച്ച്.വൺ.എൻ.വൺ -5
@ മെഡി.കോളേജിൽ പനി വാർഡ്
ഡെങ്കിപ്പനി, വൈറൽ പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങി മഴക്കാല രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ മെഡി.കോളേജിൽ പ്രത്യേക പനി വാർഡ് സജ്ജമായി. പഴയ അത്യാഹിത വിഭാഗത്തിൽ 20 കട്ടിലും ജറിയാട്രിക് ബ്ലോക്കിലെ ഒന്നാം നിലയിൽ 20 കട്ടിലുകളും ഒരുക്കി. താലൂക്ക്ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി മുറികൾ ശുചീകരിച്ചു. വാർഡുകൾ ഇന്ന് തുറന്നു നൽകുമെന്ന് മെഡിസിൻ എച്ച്.ഒ.ഡി ഡോ.ജയേഷ് കുമാർ അറിയിച്ചു .എം.എസ്.എസ്.വെെ ബ്ലോക്കിൽ പനി ക്ലിനിക്ക് ആരംഭിച്ചു.