നവീകരിക്കണമെന്ന
ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം
കോഴിക്കോട്: കേരളത്തിലെ ഏറ്റവും മലിനമായ നദിയെന്ന കുപ്രസിദ്ധിയിൽ തേങ്ങുന്ന കല്ലായി പുഴയുടെ നവീകരണവും ശുചീകരണവും ഉടൻ വേണമെന്ന ആവശ്യം വീണ്ടും ശക്തം. കല്ലായി പുഴയുടെ നവീകരണത്തിനായി കോർപ്പറേഷൻ ഫണ്ട് കണ്ടെത്തിയിട്ടും സാങ്കേതിക നടപടികളിൽ തട്ടി മുടങ്ങികിടക്കുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് 12.8 മില്ലി ഗ്രാമുള്ള കല്ലായി പുഴയാണ് സംസ്ഥാനത്തെ ഏറ്റവും മലിനമായ പുഴ.
പുഴയിലെ ചെളി നീക്കംചെയ്ത് ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തമായ ഘട്ടത്തിൽ 5.07 കോടി രൂപ കൂടി കോർപ്പറേഷൻ അനുവദിച്ചിരുന്നു. മൂര്യാട് പാലം മുതൽ കോതിപ്പാലം വരെ കല്ലായി പുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് അധിക തുക അനുവദിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ കൗൺസിൽ യോഗം തുക അനുവദിക്കാൻ തീരുമാനിച്ചത്. പ്രവൃത്തിക്കായി നേരത്തെ 7.9 കോടി രൂപ ഇറിഗേഷൻ വകുപ്പിൽ കോർപ്പറേഷൻ ഡെപ്പോസിറ്റ് ചെയ്തിരുന്നു. അധിക തുക വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് 5,07,70446 രൂപ കൂടി അനുവദിച്ചത്.
പദ്ധതിയ്ക്കായി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും ചെലവിൽ വലിയ വർദ്ധനവ് വന്നതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.
കല്ലായി പുഴയിൽ മാങ്കാവ് കടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചെളിയും നീക്കാനുള്ളതാണ് പദ്ധതി. 7.9 കോടി രൂപയാണ് ആദ്യം ചെലവ് കണക്കാക്കിയത്. എന്നാൽ ടെൻഡർ വിളിച്ചപ്പോൾ തുക ഉയർന്നു. ടെൻഡറിൽ 9.81 കോടിയുടേതാണ് കുറഞ്ഞ ടെൻഡർ നിരക്ക്. ഇത് പദ്ധതി ചെലവ് കണക്കാക്കിയതിന്റെ 34.39 ശതമാനം അധികമാണ്. അധികമായി ആവശ്യം വരുന്ന 1.91 കോടി രൂപ കൂടി നൽകാൻ കോർപ്പറേഷൻ കൗൺസിലിൽ തീരുമാനിച്ചെങ്കിലും പത്ത് ശതമാനം വരെ അധികത്തുക മാത്രമേ വകുപ്പ് തലത്തിൽ അംഗീകാരം നൽകാനാവുള്ളൂവെന്നാണ് ചട്ടം. സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പ്രവൃത്തി നടപ്പാക്കാനിരുന്നത്.
കല്ലായിപ്പുഴ ശുചീകരണത്തോടെ പുഴയോരത്തെയും നഗരത്തിലെയും വെള്ളക്കെട്ടുകൾക്ക് വലിയ പരിഹാരമാവുമെന്നാണ് കരുതുന്നത്. കനോലി കനാൽ വഴിയെത്തുന്ന വെള്ളം കല്ലായി പുഴയിലൂടെ ഒഴുകാത്തതിന് കാരണം പുഴയിൽ അടിഞ്ഞു കൂടിയ ചെളിയും ആഴക്കുറവുമാണെന്നാണ് വിലയിരുത്തൽ. കല്ലായിപ്പുഴയിലെ ചെളി നീക്കൽ വൈകുന്നതിനെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു.