കോഴിക്കോട്: മായം കലർത്തിയ മത്സ്യവിൽപ്പന തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതോടെ കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയിൽ പിടികൂടി നശിപ്പിച്ചത് 125 കിലോ മത്സ്യം. 'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി 196 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ചീഞ്ഞതും ശരിയായ രീതിയിൽ ഐസ് ഇടാതെ സൂക്ഷിച്ചതുമായ മത്സ്യമാണ് പിടികൂടിയത്. മാർക്കറ്റുകളിലും റെയിൽവേ സ്റ്റേഷനിലും ഭക്ഷ്യ സുരക്ഷാ വിഭാഗവും കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും ഇന്നലെ നടത്തിയ പരിശോധനയിൽ കേടായ 80 കിലോ എരന്തും 15 കിലോ ചൂരയും പിടികൂടി. ലൈസൻസ് ഇല്ലാതെയും ശരിയായി പാക്ക് ചെയ്യാതെയും കൊണ്ടുവന്ന എരന്താണ് പിടിച്ചെടുത്തത്. സെൻട്രൽ മാർക്കറ്റിൽ വില്പനയ്ക്ക് എത്തിച്ച കേടായ ചൂരയാണ് നശിപ്പിച്ചത്.
ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈന്റെയും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹുമാന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന മത്സ്യം മൊബൈൽ ലാബിൽ പരിശോധന നടത്തിയെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. വ്യാപാരികൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യം കേടായതല്ലെന്ന് ഉറപ്പാക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
ഒരു കിലോ മത്സ്യം കേടുവരാതെ സൂക്ഷിക്കാൻ ഒരു കിലോ ഐസ് വേണം. എന്നാൽ പലപ്പോഴും കുറഞ്ഞ അളവ് ഐസിൽ കൂടുതൽ മത്സ്യം സൂക്ഷിക്കുന്ന സ്ഥിതിയാണ്. മാർക്കറ്റിൽ നിന്ന് ചെറുകിട വ്യാപാരികളിലേക്ക് മത്സ്യം എത്തുമ്പോഴാണ് ഐസ് ഇടാത്ത സ്ഥിതി വരുന്നത്. മത്സ്യവില്പന നടത്തുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണമെന്നാണ് നിബന്ധന.
@നശിപ്പിച്ച മീൻ
ചൂര, എരന്ത്, കിളിമീൻ, ചെമ്മീൻ
@പരിശോധന ഇവിടങ്ങളിൽ
സെൻട്രൽ റെയിൽവേ സ്റ്റേഷൻ, സെൻട്രൽ മാർക്കറ്റ്, വെളളയിൽ ഹാർബർ മാർക്കറ്റ്, പുതിയാപ്പ ഹാർബർ മാർക്കറ്റ്
''ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നവർ വാഹനത്തിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് സൂക്ഷിക്കണം. പരിശോധന വരും ദിവസങ്ങളിലും തുടരും. ലൈസൻസ് ഇല്ലാതെ മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങൾക്കെതിരെയും കേടായ മത്സ്യം കൊണ്ടു വരുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും''- എ. സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ.