കോഴിക്കോട്: പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിച്ചെങ്കിലും മലപ്പുറത്തും കോഴിക്കോടും സയൻസ് ബാച്ച് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് 19 ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് എം.കെ. മുനീർ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയ്ക്ക് അധിക പ്ലസ് വൺ ബാച്ച് അനുവദിച്ച് ശാശ്വത പരിഹാരം കാണും വരെ സത്യാഗ്രഹം തുടരും. മലബാർ മേഖലയിൽ പ്ലസ് വൺ പഠനം വലിയ പ്രതിസന്ധിയിലാണ്. വിഷയം നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോഴാണ് പുതിയ ബാച്ചുകൾ അനുവദിച്ചത്. മലപ്പുറം ജില്ല ആവശ്യപ്പെട്ടത് പൂർണമായും ലഭിച്ചിട്ടില്ല. മലപ്പുറം കഴിഞ്ഞാൽ കോഴിക്കോടാണ് ഉപരിപഠനത്തിന് അവസരം കിട്ടാത്ത കുട്ടികൾ ഏറെയുള്ളത്. തെക്കൻ ജില്ലകളിലെ പല സ്കൂളുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസത്തെ കുറിച്ച് സഭയിൽ സർക്കാർ ഗീർവാണം നടത്തുമ്പോൾ പുച്ഛമാണുള്ളത്. വിദ്യാഭ്യാസ, യുവജന, അദ്ധ്യാപകസംഘടനകൾ സംയുക്തമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും മുനീർ പറഞ്ഞു