league
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നൽകിയ സ്വീകരണത്തിൽ രാജ്യസഭ എം.പി ഹാരിസ് ബീരാൻ സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ സമീപം.

കോഴിക്കോട്: വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ജനം തിരിച്ചറിയുകയും തിരുത്താൻ തയ്യാറാവുകയും ചെയ്തെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഹാരിസ് ബീരാൻ എം.പിയ്ക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വന്നത്. ജനം അത് ശരിയാംവിധം വിനിയോഗിച്ചു. ഇന്ത്യ മുന്നണി പ്രത്യാശയാണെന്ന് ജനം മനസിലാക്കി. ഇനി വിശ്വാസത്തോടെ മുന്നോട്ട് പോകാം. അടിച്ചേൽപ്പിക്കുന്ന ഒരു സമ്പ്രദായമാണ് ഇതുവരെ പാർലമെന്റിൽ ഉണ്ടായത് . ഇനി അത് ഉണ്ടാകില്ല. ഹാരിസ് ബീരാൻ എം.പി ജനങ്ങളുടെ പ്രശ്നങ്ങൾ വ്യക്തതയോടെ രാജ്യസഭയിൽ അവതരിപ്പിച്ചെന്നും കേന്ദ്രം വിചാരിച്ചാൽ തകർക്കാനാവില്ല ജനാധിപത്യ മൂല്യങ്ങളെയെന്നും അദ്ദേഹം പറഞ്ഞു. അവശ്യഘട്ടങ്ങളിൽ ഇന്ത്യയുടെ മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ നിലനിർത്താൻ നിർണ്ണായകരമായ ഇടപെടലുകൾ നടത്താൻ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായ ഹാരിസ് ബീരാന്റെ തിരഞ്ഞെടുപ്പും യോജിച്ചതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരാവലിയുടെ ഉപഹാരം കെെതപ്രം ദാമോദരൻ നമ്പൂതിരി ഹാരിസ് ബീരാന് നൽകി.

ജനങ്ങളെ പ്രതിരോധത്തിലാക്കുന്ന സർക്കാരുകൾക്കെതിരെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കണമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് റസാഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി, എം.കെ മുനീർ എം.എൽ.എ, കെ.മൊയ്തു, നാസർ ഫെെസി കൂടത്തായി, സൂപ്പി നരിക്കാട്ടേരി തുടങ്ങിയവർ പ്രസംഗിച്ചു.