@ഇന്ന് ഓറഞ്ച് അലർട്ട്
കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന തോരാത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ഗ്രാമ, നഗര ഭേദമന്യേ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട് നഗരത്തിലെ റോഡുകളിൽ വെള്ളംകയറി കാൽനട ദുസ്സഹമായി. മാനഞ്ചിറ, സ്പോർട്സ് കൗൺസിൽ പരിസരം, സ്റ്റേഡിയം ജംഗ്ഷൻ തുടങ്ങിയ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വടകര കീഴലിന് സമീപം കനാൽ റോഡിൽ നിർത്തിയിട്ട കാർ മരം വീണ് തകർന്നു. കീഴൽ സ്വദേശി പി.ആർ. സുബീഷ് കാർ റോഡരികിൽ നിർത്തിയിട്ട് വീട്ടിലേക്ക് പോയ സമയത്താണ് തേക്കുമരം കടപുഴകി കാറിനു മുകളിൽ വീണത്.
മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിൽ വെള്ളംകയറി കൃഷിനശിച്ചു.കുന്നുമ്മൽ വില്ലേജിൽ അനോറമ്മൽ പ്രേംജിത്തിന്റെ വീടിനു മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. ചെങ്ങോട്ടുകാവ് എടക്കുളം നാരായണൻ മുതുവാട്ടിന്റെ വീടിന് മുകളിൽ തെങ്ങു വീണു. കൊഴുക്കല്ലൂർ വില്ലേജിൽ പിലാത്തോട്ടത്തിൽ കുഞ്ഞിരാമന്റെ വീട് ഭാഗികമായി തകർന്നു. കൊഴുക്കല്ലൂർ വില്ലേജിൽ വിളയാട്ടൂർ കണാരൻ നെല്ലിക്കുന്നുമ്മലിന്റെ വീട് തകർന്നു. പയ്യോളി വില്ലേജിൽ കീഴൂർ രാഘവൻ ചെറിയെരിക്കണ്ടിയുടെ വീടിനു മേൽ മരം വീണു. കോട്ടൂർ വില്ലേജിൽ ബാലഗോപാലകുറുപ്പിന്റെ വീടിനു മേൽ കമുക് വീണു. ഒഞ്ചിയം വില്ലേജിൽ കണ്ണൂക്കര, മടക്കര പാണ്ടികശാല വളപ്പിൽ സതീശന്റെ വീട് ഭാഗികമായി തകർന്നു. നീലേശ്വരം വില്ലേജിൽ ചോത്താല അനുപമയുടെ വീടിനോട് ചേർന്ന് കിടക്കുന്ന സംരക്ഷണഭിത്തി ഇടിഞ്ഞു. പെരുവയൽ വില്ലേജിൽ കൊടശ്ശേരി താഴത്ത് മലാപറമ്പത്ത് അരവിന്ദന്റെ വീട് ഭാഗികമായി തകർന്നു.
ജില്ലയിൽ പെയ്തത് 1075.2 മില്ലീ മീറ്റർ മഴ
കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 171.8 മി.മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. കോഴിക്കോട് 58.8 മില്ലീ മീറ്ററും കൊയിലാണ്ടിയിൽ 52.0 മില്ലിമീറ്ററും വടകര 61.0 മില്ലീ മീറ്ററും രേഖപ്പെടുത്തി. ജില്ലയിൽ ഇതുവരെ 1075.2 മില്ലീ മീറ്റർ മഴയാണ് പെയ്തത്. നിലവിൽ മഴയുടെ അളവിൽ കുറവില്ല. വരും ദിവസങ്ങളിൽ അതിതീവ്ര മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
@വേണം ജാഗ്രത
* മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറണം
* വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറണം.
* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
* കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
* നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ പാടുള്ളതല്ല.
* വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്ര ഒഴിവാക്കുക
* ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.
* മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കുക.
വൈദ്യുതി ലൈനുകളുടെ അപകട സാദ്ധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബി.യെ അറിയിക്കുക.
@ സഹായത്തിന് വിളിക്കാം - 1077, 1070.