ഇന്ന് ഓറഞ്ച് അലർട്ട്
കോഴിക്കോട്: ജില്ലയിൽ തോരാതെ പെയ്യുന്ന മഴയിൽ ഇന്നലെയും കനത്ത നാശം. വീശിയടിച്ച കാറ്റിൽ മരം വീണ് നിരവധി വീടുകൾ തകർന്നു.പലയിടത്തും ഗതാഗതം തടസപ്പെട്ടു. വെെദ്യുത പോസ്റ്റുകൾ തകർന്നു.താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുബംങ്ങളെ മാറ്റി പാർപ്പിച്ചു. പൂനൂർ പുഴയിൽ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നു. ചാലിയാറിലേക്ക് നീരൊഴുക്ക് ശക്തമായതോടെ കൈവഴികളായ ഇരുവഞ്ഞിപുഴയും ചെറുപുഴയും കരകവിഞ്ഞു. പുഴകളുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ളതിനാൽ മലയോരത്ത് പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. മരങ്ങൾ വീണും മണ്ണിടിഞ്ഞും മറ്റുമായി ജില്ലയിൽ 30ലേറെ വീടുകൾ ഭാഗികമായി തകർന്നു. (കോഴിക്കോട് താലൂക്കിൽ 6, കൊയിലാണ്ടി 5, വടകര 3, താമരശ്ശേരി 2). പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. 21 പേരെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റി. ജില്ലയിൽ ആരംഭിച്ച അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 21 പേർ കഴിയുകയാണ്.