water
കോഴിക്കോട് -പയ്യോളി ദേശീയപാതയിൽ പെട്രോൾ ബങ്കിൽ വെള്ളം കയറിയപ്പോൾ.

കോഴിക്കോട്: നിർത്താതെ പെയ്ത മഴയിൽ നാടും നഗരവും വെള്ളത്തിലായി. കോടികൾ ചെലവിട്ട് നവീകരണം നടന്ന കോഴിക്കോട് നഗരത്തിലെ പലയിടത്തും വെള്ളക്കെട്ടാണ്. മാവൂർ റോഡ്, അരയിടത്തുപാലം, എൽ.ഐ.സി, സ്‌പോർട്സ് കൗൺസിൽ ഹാൾ പരിസരം, പുതിയപാലം എന്നിവിടങ്ങളിൽ വെള്ളം കയറി. പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ബസുകൾക്കും യാത്രക്കാർക്കും കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. സ്റ്റേഡിയം ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നുു. ഗവ. ബീച്ച് ആശുപത്രിയിലെ പുതിയ ഒ.പി വിഭാഗത്തിന് സമീപത്തെ വെള്ളക്കെട്ട് രോഗികളെ വലച്ചു. ഒ.പിയിലെത്തിയ കുട്ടികളും പ്രായമായവരുമടക്കം മലിനവെള്ളത്തിൽ ചവിട്ടി മണിക്കൂറുകളാണ് നിൽക്കേണ്ടിവന്നത്. മിഠായിതെരുവിൽ വൻതുക മുടക്കി ഡ്രൈനേജ് പരിഷ്‌കരിച്ചെങ്കിലും വെള്ളത്തിലായി. പാലാഴി, ഹൈലൈറ്റ്മാൾ ജംഗ്ഷൻ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. പുതിയപാലം,​ ചേവരമ്പലം, മാറാട്, ബേപ്പൂർ, മൂഴിക്കൽ , വേങ്ങേരി , കക്കോടി, മാളിക്കടവ്, ചേളന്നൂർ, ബാലുശ്ശേരി. നന്മണ്ട, ചീക്കിലോട്,​ മേപ്പയൂർ,​ പയ്യോളി ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പൂനൂർപുഴയിൽ ജലനിരപ്പ് ഉയർന്നതോടെ കക്കോടി ഭാഗം വെള്ളത്തിലായി. റോഡിലെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞതോടെ അത്തോളി ടൗണിലും കൊടശ്ശേരിയിലും ഗതാഗതം ദുഷ്കരമായി. കുളങ്ങരത്ത്, അരൂർ, തീക്കുനി റോഡിൽ വെള്ളം കയറി പ്രദേശമാകെ ഒറ്റപെട്ടു. റോഡ് പൂർണമായും വെള്ളത്തിനടിയിലായതിനാൽ അഞ്ച് ദിവസമായി ഗതാഗതം തടസ്സപെട്ടിരിക്കുകയാണ്. പുറമേരി പഞ്ചായത്തിലെ അരൂർ ചന്തു വെച്ചുകണ്ടി താഴയും വേളം പഞ്ചായത്തിലെ എറുമ്പൻ കുനി മുതൽ തീക്കുനി വരെയുമാണ് വെള്ളമുയർന്നത്. ഇന്നലെ രാത്രി നിലച്ച വൈദ്യുതി ഇതുവരെ പുന:സ്ഥാപിക്കാനായിട്ടില്ല. ചേവായൂർ കനാൽ റോഡിൽ പാറയിൽ പൊറ്റ സ്ഥലത്തെ വീടുകളിൽ വെള്ളം കയറി. ഫറോക്ക് തണ്ണിച്ചാൽ പ്രദേശത്ത് നാല് വീടുകളിൽ വെള്ളം കയറി.