കഴിഞ്ഞ കുറേക്കാലമായി കോഴിക്കോട്ടെ സി.പി.എമ്മിന് കഷ്ടകാലമാണ്. ജനങ്ങൾക്കിടയിൽ പ്രളയത്തേയും നിപ്പയേയും കൊറോണയേയും അതിജീവിച്ച ഇടതു സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് മുൻ എം.എൽ.എയും പാർട്ടിയുടെ ജില്ലാനേതാവുമായ ജോർജ് എം. തോമസിനെ പുറത്താക്കേണ്ടി വന്നത്. അനധികൃത ഇടപെടൽ, അനധികൃത സമ്പാദ്യം, ക്വാറി മാഫിയകളുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങൾ മാസങ്ങളായി നിലനിൽക്കുകയും ഒടുക്കം സംസ്ഥാനനേതൃത്വം തന്നെ വിഷയത്തിൽ ഇടപെടുകയും ചെയ്തപ്പോഴാണ് ജോർജ് എം. തോമസിന് പുറത്ത് പോകേണ്ടിവന്നത്. അതുണ്ടാക്കിയ കോളിളക്കം തീരും മുമ്പേ ലോക്‌സഭാ തിരഞ്ഞെടുപ്പെത്തി. ഏറെ പ്രതീക്ഷയർപ്പിച്ചിട്ടും നാലാംവട്ടവും ജില്ലയിൽ പാർട്ടി തലകുത്തി വീണു. പാർട്ടിക്കോട്ടകളായിരുന്ന വടകരയും കോഴിക്കോടും നഷ്ടമായത് അണികൾക്കിടയിലും പാർട്ടി അംഗങ്ങൾക്കിടയിലും ചർച്ചയായി. അതിനിടയിലാണ് ഇരുട്ടടിയുമായി പാർട്ടിയുടെ ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയ്ക്കെതിരെയുള്ള കോഴ ആരോപണം. സുഹൃത്തും ബന്ധുവുമായ യുവാവിൽ നിന്നും പി.എസ്.എസി അംഗത്വത്തിനായി 22 ലക്ഷം കോഴവാങ്ങിയെന്നായിരുന്നു ആരോപണം.
ആരോപണങ്ങളിൽ
പിടിച്ചു നിൽക്കാനായില്ല
പ്രമോദ് കോട്ടൂളി പാർട്ടിയുടെ ടൗൺ ഏരിയാ കമ്മറ്റി അംഗമാണ്. നഗരത്തിൽ പാർട്ടിയുടെ നാനാതരമായ വിഷയങ്ങളിൽ ഇടപെടുന്ന യുവനേതാവ്. ഇയാൾക്കെതിരെയാണ് പി.എസ്.സി.അംഗത്വം വാങ്ങിത്താരാമെന്ന് പറഞ്ഞ് നഗരത്തിലെ ഒരു ഹോമിയോ ഡോക്ടറിൽ നിന്നും 22 ലക്ഷം രൂപ കോഴവാങ്ങിയതായി ആരോപണമുള്ളത്. മാദ്ധ്യങ്ങളിൽ വാർത്തയാകും മുമ്പേ വിഷയം പാർട്ടിക്കുള്ളിൽ ചർച്ചയായിയിരുന്നു. ജില്ലാകമ്മിറ്റിയോട് അടിയന്തരയോഗം ചേർന്ന് പ്രശ്‌നം ചർച്ചചെയ്യാനും നടപടിയെടുക്കാനും ആവശ്യമുയർന്നപ്പോഴും വിഷയം പുറത്തറിഞ്ഞിരുന്നില്ല. എന്നാൽ ജനകീയ അടിത്തറയുള്ളതും അവസാന അത്താണിയായി ജനം കാണുയും ചെയ്യുന്നൊരു പാർട്ടിക്ക് അധികനാൾ ആരോപണങ്ങളിൽ പിടിച്ച് നിൽക്കാനായില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പ്രമോദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. പുറത്താക്കലിന് സി.പി.എം അസാധാരണ കാരണങ്ങളാണ് നിരത്തിയത്. മാദ്ധ്യമങ്ങളും പ്രതിപക്ഷങ്ങളും ഉയർത്തിയിരുന്ന പി.എസ്.സിയുമായി ബന്ധപ്പെട്ട ഒരു വിഷയവും പരാതിയും പാർട്ടിക്ക് മുന്നിൽ വന്നിട്ടില്ലെന്നും. പാർട്ടിയുടെ സംഘടന രീതിയനുസരിച്ച് പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്ത കാര്യങ്ങളാണ് പ്രമോദിനെതിരെ കണ്ടെത്തിയതെന്നുമായിരുന്നു പുറത്താക്കാൻ പാർട്ടി നൽകിയ വിശദീകരണം. പി.എസ്.സി കോഴ ആരോപണമല്ലാതെ എന്താണ് പാർട്ടിയുടെ സൽപേരിന് പ്രമോദ് ഉണ്ടാക്കിയ കളങ്കമെന്നെങ്കിലും പാർട്ടി സെക്രട്ടറി വിശദീകരിക്കണമായിരുന്നു.
ആരോപണത്തിൽ
മറു ആരോപണം
തനിക്ക് ഇത്തരമൊരു കോഴയുമായി ബന്ധവുമില്ലെന്നും കേവലം ഒരു ഏരിയാകമ്മിറ്റി അംഗം വിചാരിച്ചാൽ പി.എസ്.എസി അംഗത്വവും അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിൽ ഉന്നത സ്ഥാനവും നൽകാനാവുമോയെന്നായിരുന്നു പ്രമോദിന്റെ മറുചോദ്യം. ഇതുസംബന്ധിച്ച് ജില്ലാ കമ്മിറ്റിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. കോഴവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതോടെ തന്റെ അമ്മയെ എങ്കിലും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തണമെന്ന് പറഞ്ഞ് കോഴാ ആരോപണം കൊണ്ടുവന്ന ഡോക്ടർ ശ്രീജിത്തിന്റെ വീടിനുമുമ്പിൽ പ്രമോദ് സത്യഗ്രഹം ഇരിക്കുകയുണ്ടായി. പ്രമോദിന്റെ ഈ തീരുമാനം പാർട്ടിയും പ്രതീക്ഷിച്ചതുമല്ല. അതോടെ പ്രമോദിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നു. സമരം അവസാനിപ്പിക്കണമെന്നും എല്ലാം പരിഹരിക്കാമെന്നും പാർട്ടി പ്രമോദിനോട് ആവശ്യപ്പെട്ടു. അതോടെ സമരപരിപാടി നിറുത്തിയ പ്രമോദ് ഈ വിഷയത്തിൽ തന്റെ പങ്ക് വിശദമായി അവതരിപ്പിച്ചു.
പി.എസ്.സി. ഇന്റർവ്യൂവിന് സഹായം ചോദിച്ചു ' തന്റെ ഭാഗം മനസിലാക്കാതെയാണ് പാർട്ടി നടപടി. ഇതിന് പിന്നിൽ ചിലരുടെ ഗൂഢാലോചനയുണ്ട്. അത് പുറത്തുകൊണ്ടുവരും. അതേസമയം കോഴ നൽകിയെന്നാരോപിക്കപ്പെടുന്ന ഹോമിയോ ഡോക്ടറുടെ ഭർത്താവ് തന്റെ ബന്ധുവും സുഹൃത്തുമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കോഴിക്കോട്ട് നിയമനം കിട്ടുകയായിരുന്നു ആവശ്യം. ഇത്തരമൊരാവശ്യവുമായി ബന്ധപ്പെട്ട് പലപ്പോഴായി തന്നെ വന്ന് കണ്ടിരുന്നു. പക്ഷെ ഒരു നയാപൈസ പോലും കാര്യം ശരിയാക്കാമെന്ന് പറഞ്ഞ് വാങ്ങിയിട്ടില്ലെന്നും പ്രമോദ് കോട്ടൂളി വെളിപ്പെടുത്തി. സത്യാവസ്ഥ തെളിയിക്കാൻ പൊലീസിനും വിജിലൻസിനും പരാതി നൽകും. അതിനുള്ള തെളിവുകൾ ശേഖരിക്കുകയാണിപ്പോൾ. ഇതിനിടെ ഒരു പാർട്ടി സഖാവിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ശ്രീജിത്തുമായി ഒരു സ്ഥലം ഇടപാട് നീക്കവും നടത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ ചിലർ തെറ്റിദ്ധാരണയുണ്ടാക്കി. മുൻകൂട്ടി എടുത്ത തീരുമാനപ്രകാരമാണ് തന്നെ പുറത്താക്കിയത്. കൂടെ നിൽക്കുന്നവർ നിങ്ങളെ ചതിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. ജില്ലാ കമ്മിറ്റി അംഗം, പരാതികൊടുത്ത ലോക്കൽ കമ്മിറ്റി അംഗം എന്നിവർക്കൊപ്പം കൂടുതൽ ആരെങ്കിലുമുണ്ടെങ്കിൽ പുറത്തുവരും. കമ്യൂണിസ്റ്റ് പാർട്ടിയിൽ ക്രിമിനൽ ബന്ധമുള്ളവരുണ്ടെങ്കിൽ പുറത്തുകൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ഇത് താൻ പാർട്ടിയുടേയും ശ്രദ്ധയിൽപെടുത്തിയിരുന്നു. അതറിയാവുന്ന ചിലർ ഇത് ആയുധമാക്കി തനിക്കെതിരെ നീങ്ങുകയായിരുന്നു. സത്യമുള്ളതാണ് തന്റെ പാർട്ടി. ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ പുറത്താക്കിയതിയതിൽ വേദനയുണ്ട്.
പ്രതിഷേധിച്ചു പ്രതിപക്ഷവും
കാര്യങ്ങൾ ഇത്രയുമായപ്പോൾ പ്രതിപക്ഷ സംഘടനകളും വെറുതെയിരുന്നില്ല. കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തി. ഇതിനെ നിയമപരമായി നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. ഡി.ജി.പിക്ക് ഔദ്യോഗികമായി പരാതി നൽകും. ഗവർണറെയും സമീപിക്കുമെന്നും സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. സംഗതി ആകെ കുഴഞ്ഞുമറിയുമെന്നായപ്പോൾ കഴിഞ്ഞ ദിവസം സി.പി.എം നേതൃത്വം വീണ്ടുമെത്തി. അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടി പുറത്താക്കിയ ഏരിയാകമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കായി രംഗത്തുള്ള മാദ്ധ്യമപ്രവർത്തകരടക്കമുള്ളവരുടെ ദുഷ്പ്രചാരണങ്ങളൊന്നും ഏശില്ലെന്നും നേതാക്കൾക്കും ജില്ലാ നേതൃത്വത്തിനുമെതിരെയുള്ള ആരോപണത്തിനു പിന്നിലെ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രമോദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ എതിരാളികൾ നടത്തുന്ന കടന്നാക്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്തുമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. ഇതോടെ കാര്യങ്ങളെല്ലാം കുഴഞ്ഞ് മറിയുകയാണ്. കിട്ടിയ അവസരത്തിൽ കോഴയെ വിടാൻ കോൺഗ്രസും ബി.ജെ.പി.യും ഒരുക്കമല്ല. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരേയും പോകുമെന്ന നിലപാടിൽ നിന്ന് പ്രമോദ് കോട്ടൂളിയും പിന്നോട്ടില്ല. അങ്ങനെയെങ്കിൽ പാർട്ടിയെ തകർത്തുകളയാമെന്ന് കരുതുന്നവരുണ്ടെങ്കിൽ അത് വകവച്ച് കൊടുക്കാനാവില്ലെന്ന് സി.പി.എമ്മും.