ബേപ്പൂർ: മരബോട്ടിന് 12 വർഷം കാലാവധി നിശ്ചയിച്ചതിനെ തുടർന്ന് മരബോട്ടിന്റെ വലിപ്പത്തിൽ ഇരുമ്പ് ബോട്ട് നിർമ്മിച്ചവർക്ക് പെർമിറ്റ് ഫീ പത്തിരട്ടിയിലധികം വർദ്ധിപ്പിച്ചത് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി. 36 അടി ബോട്ടിന് നൽകി വന്നിരുന്ന പെർമിറ്റ് തുക 2,110 ൽ നിന്നും ഫിഷറീസ് അധികൃതർ 26,240 രൂപയാക്കിയിരിക്കുകയാണ്. തുക യഥാസമയം അടക്കാത്തതിന്റെ പേരിൽ 90,000 രൂപ പിഴയും ചുമത്തുകയാണ്. 100 അടി ബോട്ടിനും ചെറുകിട ബോട്ടിനും ക്ഷേമനിധി കൂടാതെ ഒരേ ഫീസാണ് പെർമിറ്റിനായി നൽകേണ്ടത്. വൻകിട ബോട്ടുകളെ പോലെ ചെറിയ ബോട്ടുകളും കടലിൽ 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യ ബന്ധനം നടത്തണമെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്.
വർഷങ്ങളായി മൂന്ന് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ചെറുകിട ബോട്ടുകൾ മത്സ്യബന്ധനം നടത്തിവരുന്നത്. ദിവസവും രാവിലെ മത്സ്യബന്ധനത്തിന് പോയി സന്ധ്യയോടെ തിരിച്ചുവരിക എന്നതാണ് ചെറുകിട ബോട്ടുകളുടെ പതിവ്. 120 ലിറ്റർ ഡീസൽ, തൊഴിലാളികൾക്കുള്ള ബാറ്റ, ഭക്ഷണസാധനങ്ങൾ എന്നിവയടക്കം 20,000 രൂപയിലധികം ചെലവഴിച്ചാണ് ഓരോ ചെറിയ ബോട്ടുകളും മത്സ്യബന്ധനത്തിന് പോകുന്നത്. ചെലവ് കഴിച്ച് ബാക്കി വരുമ്പോൾ മാത്രമാണ് ബോട്ടുടമകൾക്കും തൊഴിലാളികൾക്കും വല്ലതും ലഭിക്കുന്നത്. കടൽ കനിയാത്തതിനാലും കൊവിഡ് മൂലവും തകർന്നടിഞ്ഞ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിൽ കഴിയുമ്പോഴാണ് സർക്കാർ പത്തിരട്ടിയിലധികം ഫീസ് ഈടാക്കി ഈ മേഖലയെ തളർത്തുന്നത്.
ഭീമമായ പിഴ അടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നാണ് ഫിഷറീസ് അധികൃതരുടെ മുന്നറിയിപ്പ്. അധികൃതരെ ഭയന്ന് ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോകാൻ കഴിയുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
കർണാടക, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങൾ മത്സ്യബന്ധന ബോട്ടുകൾ ഒരു ലിറ്ററിന് 10 രൂപയിലധികം സബ്സിഡി നൽകി വരുമ്പോൾ സംസ്ഥാന സർക്കാർ മത്സ്യഫെഡ് വഴി ലിറ്ററിന് 50 പൈസ നിരക്കിലാണ് സബ്സിഡി അനുവദിക്കുന്നത്. അമിത ഫീ ഈടാക്കുന്ന ഫിഷറീസ് വകുപ്പിന്റെ നയങ്ങൾക്കെതിരെ നിയമ നടപടികളിലേക്കും വൻ പ്രക്ഷോഭത്തിലേക്കും കടക്കാൻ മത്സ്യത്തൊ ഴിലാളികൾ നിർബന്ധിതരായിരിക്കുകയാണ്.
പി.കെ. അനിൽകുമാർ
സെക്രട്ടറി
മിനി ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ