കോഴിക്കോട്: വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി 20ന് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ 'പോരാളികളുടെ സംഗമം' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 'സമരത്തെരുവ് തീർത്ത് പെൺകരുത്തിന്റെ അഞ്ചാണ്ട്' എന്ന തലക്കെട്ടിലാണ് സ്ഥാപകദിനാചരണം. നീതിക്ക് വേണ്ടി ഭരണകൂടത്തോടും വ്യവസ്ഥയോടും നിരന്തര സമരങ്ങളിലേർപ്പെട്ടവരുമായ സ്ത്രീകൾ പരിപാടിയിൽ ഒത്തുചേരും. വ്യത്യസ്ത മേഖലകളിൽ സ്വയം അടയാളപ്പെടുത്തപ്പെട്ട സ്ത്രീകളെ സംഘടിപ്പിച്ച് വിവിധ ജില്ലകളിൽ സാഹോദര്യ സംഗമങ്ങൾ, ടേബിൾടോക്കുകൾ, പ്രാദേശികതലങ്ങളിൽ സേവനപ്രവർത്തനങ്ങൾ, ആരോഗ്യ, നിയമ ബോധവത്ക്കരണ ക്ലാസുകൾ, സ്ത്രീശാക്തീകരണ സദസ്സുകൾ, രചനാമത്സരങ്ങൾ തുടങ്ങിയവ നടന്നുവരികയാണ്. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ, ചന്ദ്രിക കൊയിലാണ്ടി, ഫൗസിയ ആരിഫ്, തൗഹീദ അൻവർ എന്നിവർ പങ്കെടുത്തു.