കോഴിക്കോട്: മത്സ്യവിപണിയെ ആശ്രയിച്ചുകഴിയുന്ന ഐസ് പ്ലാന്റുകൾ കടുത്ത പ്രതിസന്ധിയിൽ. മത്സ്യസമ്പത്ത് കുറഞ്ഞതും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ നിലച്ചതും, അശാസ്ത്രീയമായ മത്സ്യബന്ധനവുമാണ് ഐസ് കമ്പനികൾക്ക് വെല്ലുവിളിയാകുന്നത്. പല ഫാക്ടറികളും അടച്ചൂപൂട്ടൽ ഭീഷണിയിലാണ്. സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ജില്ലയിൽ ചെറുതും വലുതുമായ 72 ഐസ് ഫാക്ടറികളാണുള്ളത്. ഇതിൽ പലതിന്റേയും പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. നിർമ്മാണത്തിന് ആവശ്യമായ അമോണിയ, ഉപ്പ് എന്നിവയുടെ വില കൂടിയതും പ്രതിസന്ധിയാണ്. വർഷാവർഷമുള്ള അറ്റകുറ്റപ്പണി, നികുതി ഇനങ്ങളിൽ വലിയ തുക ചെലവാകും. ഐസിന് ആവശ്യക്കാരില്ലാതെ വന്നതോടെ ഉത്പാദന തോത് കുറച്ചാണ് വ്യവസായികൾ പിടിച്ചു നിൽക്കുന്നത്.
സംസ്ഥാനത്ത് ചെറുതും വലുതുമായി 600 ഓളം ഐസ് ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഐസ് ഫാക്ടറികളുടെ നിലനിൽപ്പിന് സർക്കാർ സഹായം നൽകണമെന്നാണ് കേരള സ്റ്റേറ്റ് ഐസ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
''സർക്കാർ ഐസ് പ്ലാന്റുകൾക്ക് ഒരു മുൻഗണനയും നൽകുന്നില്ല. കാർഷിക മേഖലയ്ക്ക് നൽകുന്ന പോലെയുള്ള സബ്സിഡി ആനുകൂല്യങ്ങളും ഇലക്ട്രിസിറ്റി ആനുകൂല്യങ്ങളും ഈ മേഖലയ്ക്കും അനുവദിക്കണം
എൻ രാജേന്ദ്രൻ
ജില്ലാ പ്രസിഡന്റ്
കേരള സ്റ്റേറ്റ് ഐസ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ
@ താങ്ങാനാവാത്ത വൈദ്യുതി ബില്ല്- വെെദ്യുതി ബില്ല് 2.5 ലക്ഷം (മാസം )
@നിർമ്മാണ ചെലവ് 12000 (ഒരു ദിവസം)
@ ഫാക്ടറികൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിവർഷം അഞ്ചു മുതൽ പത്ത് ലക്ഷം വരെ ചെലവ്
@ ജില്ലയിൽ 72 ഐസ് ഫാക്ടറികൾ
@ ഒരു ബ്ലോക്ക് ഐസിന് 75 രൂപ
@ സംസ്ഥാന സമ്മേളനം 20 ന്
കേരള സ്റ്റേറ്റ് ഐസ് മാനുഫാക്‌ചേഴ്സ് അസോസിയേഷന്റെ 18ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സമുദ്ര ഡിസാസ്റ്റർ ഷെൽട്ടർ കമ്യൂണിറ്റി ഹാളിൽ 20 ന് നടക്കുമെന്ന് ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് എൻ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എം.കെ പ്രേമാനന്ദൻ, ഷിബിൻ രാജ്, നസീം എന്നിവർ അറിയിച്ചു.