ummen
ummen

കോഴിക്കോട്: മുൻ മുഖ്യന്ത്രി ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയില്ലെങ്കിൽ വിഴിഞ്ഞം പദ്ധതി ഉണ്ടാവില്ലായിരുന്നെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പദ്ധതിയ്ക്ക് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ട് തവണ ടെൻഡർ വിളിപ്പോൾ അദാനി ഗ്രൂപ്പ് മാത്രം എത്തിയതിന്റെ പേരിൽ കാൻസൽ ചെയ്യപ്പെട്ട പദ്ധതിയാണിത്. കേന്ദ്ര ഭരണം മാറി മോദി വന്നപ്പോൾ മൂന്നാം ടെൻഡറും കാൻസൽ ചെയ്താൽ പദ്ധതി തൂത്തുക്കുടിക്ക് നൽകുമെന്ന് പറഞ്ഞതോടെയാണ് വിഴിഞ്ഞത്തിനായി ഉമ്മൻചാണ്ടി ഒപ്പുവച്ചത്. അന്ന് കടൽകൊള്ളയെന്നാണ് ദേശാഭിമാനി പറഞ്ഞത്. പദ്ധതിക്ക് വെറുതെ തറക്കല്ലിടൽ വേണ്ടെന്ന നയമാണ് ഉമ്മൻചാണ്ടി മുന്നോട്ടുവച്ചത്. പ്രവൃത്തി തുടങ്ങിയാണ് പദ്ധതിക്ക് അന്ന് തറക്കല്ലിട്ടത്. 2016ൽ ഭരണ തുടർച്ച ഉണ്ടായിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം തുറുഖം സമ്പൂർണമായി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെടുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

യു.ഡി.എഫ് ഭരണത്തിൽ തിരിച്ചു കയറുകയെന്നതാണ് കെ. കരുണാകരനെ പോലെ ഉമ്മൻചാണ്ടിയുടെ അവസാന ആഗ്രഹവും.

മരിച്ച നേതാക്കൻമാരുടെ ആഗ്രഹം പോലെ അധികാരം തിരിച്ചുപിടിക്കണം. ലോക്സഭയിൽ ജയിച്ചെങ്കിലും ഒരു അപകടം മണത്തു. ഒരിടത്ത് താമര വിരിഞ്ഞു. അയോദ്ധ്യക്കാർക്കും ബദരിനാഥിനും ബി.ജെ.പി വേണ്ട. പക്ഷേ കേരളത്തിൽ പലയിടത്തും ബി.ജെ.പി സ്‌നേഹം തുടങ്ങി. അപകടകരമായ സാഹചര്യമാണുള്ളത്. ഇത്രയും നാൾ കോൺഗ്രസിന് ഒരു എതിരാളിയെങ്കിൽ ഇന്ന് രണ്ട് എതിരാളികളായി. താമരയിൽ കുത്താൻ കോൺഗ്രസിനും ന്യൂനപക്ഷങ്ങൾക്കുമേ മടിയുള്ളു. ധീവരസഭ, വിശ്വകർമ്മ എസ്എൻ.ഡി.പി എന്നിവയുടെ വോട്ട് കുറഞ്ഞെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു, അഡ്വ. ഐ. മൂസ്സ, പി.എം. അബ്ദുറഹിമാൻ, കെ.പി. ബാബു, കെ. രാമചന്ദ്രൻ , ആദം മുൽസി, സുൽഫിക്കർഅലി, യു.വി. ദിനേശ് മണി, ചോലക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ, അഡ്വ. എം. രാജൻ, പി. കുഞ്ഞിമൊയ്തീൻ, പി. മമ്മത്‌കോയ, ഷാജിർ അറഫാത്ത്, എൻ. ഷെറിൽബാബു, എൻ.വി. ബാബുരാജ്, അന്നമ്മ മാത്യു, സി.ജെ. ആന്റണി എന്നിവർ പ്രസംഗിച്ചു.